തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വിജയ്.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വിജയ്. സംസ്ഥാനത്തെ കുടുംബങ്ങൾക്ക് പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ പ്രത്യേക ടാസ്‌ക് ഫോഴ്സും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തിലായിരുന്നു വിജയിന്റെ പ്രഖ്യാപനങ്ങൾ. “ജനങ്ങളുടെ ഒരു പൈസ പോലും തൊടില്ല”െന്നും ഭരണത്തിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശപ്പിന്റെ വില അറിയുന്ന ആളാണ് താനെന്നും ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വിജയ് വ്യക്തമാക്കി. 

തമിഴ്നാട്ടിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുന്നതും സർക്കാർ പരിഗണിക്കുന്നതായി വിജയ് അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക വനിതാ സുരക്ഷാ സേന രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച വിജയ്, ലഹരിമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഭരണത്തിൽ സമാന്തര അധികാരകേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും അന്തിമ തീരുമാനം മുഖ്യമന്ത്രിക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ Rahul Gandhi ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിജയിനെ അഭിനന്ദിച്ചു.

#ACTORVIJAY #CM #TAMILNADU #TVK #LatestNews #chennai