കേസിൽ സുപ്രധാനമായ നിർദ്ദേശങ്ങൾ സുപ്രീംകോടതി നൽകി. അതിലൊന്നാണ് എബിസി ചട്ടങ്ങൾ കർശനമായി പാലിക്കണം എന്നത്. ഇതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കും. അപകടകാരികളായ നായ്ക്കളെ കൊല്ലാം. നിർദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആറോ ക്രിമിനൽ നടപടിയോ സ്വീകരിക്കരുത്. തെരുവുനായ്ക്കളെ പിടികൂടിയ ഇടത്ത് തിരികെ തുറന്ന് വിടരുത്. എല്ലാ സർക്കാർ ആശുപത്രികളിലും റാബിസ് വാക്‌സിൻ, ഇമ്യൂണോഗ്ലോബുലിൻ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കണം. നായയുടെ കടിയേറ്റ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണം. എല്ലാ ജില്ലയിലും ഒരു പൂർണ്ണ തോതിൽ പ്രവർത്തിക്കുന്ന എബിസി സെന്റർ സ്ഥാപിക്കണം. ദേശീയ പാതകളിലും
എക്‌സ്പ്രസ് വേയിലും മൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കാൻ എൻഎച്ച്എഐ നടപടിയെടുക്കണം – തുടങ്ങിയ നിർദ്ദേശങ്ങളാണ് കോടതി വിധിയിലൂടെ പുറപ്പെടുവിച്ചത്. സുപ്രീംകോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുവോ എന്ന് ഹൈക്കോടതികൾ പരിശോധിക്കണമെന്നും നടപ്പാക്കിയ കാര്യങ്ങൾ സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റിൽ ഹൈക്കോടതികളെ ബോധിപ്പിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. എബിസി ചട്ടങ്ങൾ പാലിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വരുത്തിയ വീഴ്ചയാണ് ഇന്നത്തെ ഭയാനക സാഹചര്യം സൃഷ്ടിച്ചതെന്ന് സുപ്രീംകോടതി പറഞ്ഞു.
തെരുവുനായ ശല്യം ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് കാരണം സംസ്ഥാന സർക്കാരുകളുടെ നിഷ്‌ക്രിയത്വമെന്നും കോടതി വിമർശിച്ചു. നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥയെന്നും വിമർശനമുണ്ട്. അധികാരികൾ ഉണർന്ന് പ്രവർത്തിച്ചെങ്കിൽ ഇന്നത്തെ ഈ ഭയാനക സാഹചര്യം ഒഴിവാക്കാമായിരുന്നു. ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാർക്ക് ജീവിക്കാനും സുരക്ഷിതത്വം ഉറപ്പാക്കനും സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ് – കോടതി വ്യക്തമാക്കി.
