കോട്ട: തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ട്രെയിനില് വന് തീപിടിത്തം. ഞായറാഴ്ച പുലര്ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. കൃത്യമായ സമയത്ത് യാത്രക്കാരെ ഒഴിപ്പിക്കാനായതിനാല് വന് ദുരന്തം ഒഴിവായി. പ്രാഥമിക വിവരങ്ങള് പ്രകാരം ആളപായമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.
ട്രെയിനിലെ ബി1 എസി കോച്ചിനും എന്ജിനുമാണ് തീപിടിച്ചത്. ബി1 കോച്ച് പൂര്ണമായി കത്തിയമര്ന്നു. യാത്രക്കാരുടെ വിലപിടിപ്പുള്ള ലഗേജുകളും സാധനസാമഗ്രികളും തീപിടിത്തത്തില് കത്തിനശിച്ചിട്ടുണ്ട്.
സമയബന്ധിത ഇടപെടല് ദുരന്തമൊഴിവാക്കി
പുലര്ച്ചെ കോച്ചില് നിന്ന് പുകയുയരുന്നത് ശ്രദ്ധയില്പ്പെട്ട ഉടന് തന്നെ ജീവനക്കാരും യാത്രക്കാരും ചേര്ന്ന് മറ്റുള്ളവരെ വേഗത്തില് പുറത്തെത്തിക്കുകയായിരുന്നു. തുടര്ന്ന് എന്ജിനില് നിന്നും മറ്റ് ബോഗികള് വേര്പെടുത്തി തീ പടരുന്നത് തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര് ഫോഴ്സ് സംഘം മണിക്കൂറുകള് നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്ണമായി നിയന്ത്രണവിധേയമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രെയിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ 6.45-ന് കോട്ട സ്റ്റേഷനില് എത്തേണ്ടതായിരുന്നു. തീപിടിത്തത്തെ തുടര്ന്ന് നിലവില് കോട്ടയ്ക്ക് സമീപം ട്രെയിന് യാത്ര നിര്ത്തിവെച്ചിരിക്കുകയാണ്.
മലയാളി യാത്രക്കാര് കുടുങ്ങിക്കിടക്കുന്നു
മലയാളികള് ദില്ലി യാത്രയ്ക്കായി ഏറെ ആശ്രയിക്കുന്ന പ്രമുഖ ട്രെയിനുകളിലൊന്നാണ് രാജധാനി എക്സ്പ്രസ്. അപകടസമയത്ത് നിരവധി മലയാളി യാത്രക്കാര് ഈ ട്രെയിനില് ഉണ്ടായിരുന്നു. നിലവില് അപകടസ്ഥലത്ത് മലയാളി കുടുംബങ്ങള് ഉള്പ്പെടെയുള്ള യാത്രക്കാര് കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ബദല് സംവിധാനങ്ങള് റെയില്വേ ഒരുക്കി വരികയാണ്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില് റെയില്വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
