ട്വിസ്റ്റുകൾക്കൊടുവിൽ ജനനായകൻ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ മെയ് 10-ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ലോക് ഭവൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരം ഗവർണർ ആർ.വി. അർലേക്കറെ സന്ദർശിച്ച് വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം.രണ്ട് മണിക്കൂറോളമായിരുന്നു കൂടികാഴ്ച്ച. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) എന്നീ പാർട്ടികൾ ടി.വി.കെക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യത്തിന്റെ ആകെ സീറ്റ് നില 120 ആയി ഉയർന്നു. വിജയ് നയിക്കുന്ന സർക്കാരിന് പിന്തുണ നൽകിക്കൊണ്ടുള്ള വി.സി.കെയുടെ കത്ത് ടി.വി.കെ ജനറൽ സെക്രട്ടറി ആദവ് അർജുന മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. വർഗീയ ശക്തികളെ സഖ്യത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന നിബന്ധനയോടെ കോൺഗ്രസും നേരത്തെ പിന്തുണ അറിയിച്ചിരുന്നു.
തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ വി.സി.കെ, ഐ.യു.എം.എൽ പാർട്ടികളുടെ പിന്തുണയോടെ വിജയ് മറികടന്നു. നിലവിലെ കണക്കനുസരിച്ച് ടി.വി.കെക്ക് 107 സീറ്റുകളും, കോൺഗ്രസിന് 5 സീറ്റുകളും, സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എൽ എന്നീ പാർട്ടികൾക്ക് രണ്ട് വീതം

234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമായിരുന്നു. ടി.വി.കെ 108 സീറ്റുകൾ നേടിയപ്പോൾ ഡി.എം.കെ 59 സീറ്റുകളും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളും നേടി. പി.എം.കെ 4, ഐ.യു.എം.എൽ 2, സി.പി.ഐ 2, സി.പി. എം 2 എന്നിങ്ങനെയാണ് മറ്റ് സീറ്റുകൾ. ബി.ജെ.പി, ഡി.എം.ഡി.കെ, എ.എം.എം.കെ എന്നീ പാർട്ടികൾ ഓരോ സീറ്റുകളിൽ വീതം വിജയിച്ചു