മകന്റെ’ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി അമ്മാളു അമ്മയും; ചേർത്തുപിടിച്ച് വി. ഡി. സതീശനും രാഹുൽ ഗാന്ധിയും

തിരുവനന്തപുരം: മഹാപ്രളയ കാലം മുതൽ തുടങ്ങിയ ഒരു വയോധികയും വി.ഡി. സതീശനും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥ ഇന്ന് സത്യപ്രതിജ്ഞാ വേദിയിൽ എത്തിയ ഏവരുടെയും മനസ്സ് നിറയ്ക്കുന്നതായി. മുൻപുണ്ടായ പ്രളയത്തിൽ പെട്ടുപോയപ്പോൾ വി.ഡി. സതീശൻ ഇടപെട്ട് സുരക്ഷിതമായി സംരക്ഷണം നൽകിയ അമ്മാളു അമ്മയാണ് ഇന്ന് ചടങ്ങുകൾ നടന്ന വേദിയിലെത്തി വി.ഡി. സതീശനെ കെട്ടിപ്പിടിച്ച് തന്റെ സന്തോഷം പങ്കുവെച്ചത്.

മക്കളില്ലാത്ത തനിക്ക് ദുരിതകാലത്ത് അഭയമേകിയ സതീശൻ സ്വന്തം മകനെപ്പോലെയാണെന്നാണ് അമ്മാളു അമ്മ പറയുന്നത്. വി.ഡി. സതീശനോടൊപ്പമുള്ള പഴയൊരു ചിത്രവും കൈയ്യിലേന്തി വേദിക്കരികിലെത്തിയ അമ്മാളു അമ്മയ്ക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ; സതീശനെ നേരിട്ടൊന്ന് കെട്ടിപ്പിടിക്കണം. ഒടുവിൽ വി.ഡി. സതീശൻ അരികിലെത്തി ആ ആഗ്രഹം സാധിച്ച് നൽകിയതോടെ അമ്മാളു അമ്മ നിറഞ്ഞ സന്തോഷത്തോടെയാണ് മടങ്ങിയത്. മുഖ്യമന്ത്രി വി.ഡി. സതീശനെ മാത്രമല്ല, വേദിയിലുണ്ടായിരുന്ന പ്രമുഖ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കെട്ടിപ്പിടിച്ച് അനുഗ്രഹിക്കാനും ഈ അമ്മയ്ക്ക് സാധിച്ചു.