കാലവർഷം നാളെ എത്തും., സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം നാളെ എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അനുകൂല സാഹചര്യം ശക്തമായതോടെയാണ് കാലവർഷ പ്രവേശന സൂചന ലഭിച്ചത്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ്.

മെയ് 28 വരെ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയായിരിക്കും ഇത്തവണ കാലവർഷം കേരളത്തിൽ എത്തുന്നതെന്നും അടുത്ത മൂന്ന് മുതൽ നാല് ദിവസം വരെ സാഹചര്യം നിർണായകമാണെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.