ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ജാഗ്രത നിർദ്ദേശങ്ങൾ:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ട ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ച് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം.
മിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ടെലഫോൺ ഉപയോഗം ഒഴിവാക്കുകയും വേണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല.
മേഘാവൃതമായ സാഹചര്യത്തിൽ കുട്ടികളെ തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലുള്ളപ്പോൾ മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടകരമാണ്.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിൽ യാത്ര ചെയ്യുന്നത് മിന്നൽ സമയത്ത് ഒഴിവാക്കണം. കാറിനുള്ളിലോ മറ്റ് അടച്ച വാഹനങ്ങളിലോ ഇരിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.
ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. മത്സ്യബന്ധനത്തിലേർപ്പെടുന്നവർ കാർമേഘം കണ്ടുതുടങ്ങിയാൽ തന്നെ കരയിലെത്തണം.
കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. മഴ ആരംഭിച്ച ശേഷം അവയെ മാറ്റാൻ ശ്രമിക്കുന്നത് അപകടകരമാകാം.
മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി നിലനിൽക്കില്ല എന്നതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റതിന് പിന്നാലെയുള്ള ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാൻ നിർണ്ണായകമാണ്. ഉടൻ വൈദ്യസഹായം ഉറപ്പാക്കണം.
ശക്തമായ കാറ്റിൽ മരങ്ങൾ വീഴാനും വസ്തുക്കൾ പറന്നുവീഴാനും സാധ്യതയുള്ളതിനാൽ ചുറ്റുപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
