ഇന്ധനവില വർധിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയിലും ഉടൻ തന്നെ പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നു ആഗോള വിപണിയിൽ ഇന്ധനവില ഉയരാനിടയുണ്ടെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായിരുന്നു.
ഇന്ധന ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വിലവർധനവിന്റെ സൂചനയായിരുന്നുവെന്ന് വിദഗ്‌ധർ വിലയിരുത്തി. അതിന് പിന്നാലെയാണ് പെട്രോൾ, ഡീസൽ വില വർധന പ്രഖ്യാപിച്ചത്.
അതേസമയം, ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള ഊർജവിതരണ രംഗത്ത് പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ധന നിയന്ത്രണം ഏർപ്പെടുത്താനുള്ള പദ്ധതികളില്ലെന്നും ഓയിൽ സെക്രട്ടറി നീരജ് മിത്തൽ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 60 ദിവസത്തേക്കുള്ള ഇന്ധന ശേഖരവും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവും ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
