എന്നാല്‍ ഭരണഘടനയുടെ 174-ാം അനുച്ഛേദം പ്രകാരം തനിക്ക് ലഭിച്ചിട്ടുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് നിയമസഭ പിരിച്ചുവിടുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 294 അംഗ നിയമസഭയില്‍ (തെരഞ്ഞെടുപ്പ് നടന്ന 293 സീറ്റുകളില്‍) 207 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരം പിടിച്ചെടുത്തു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു. സ്വന്തം തട്ടകമായ ഭവാനിപൂരിലും ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് 15,105 വോട്ടുകള്‍ക്ക് മമത ബാനര്‍ജി പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് അട്ടിമറി നടത്തിയെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. നൂറോളം സീറ്റുകളില്‍ ക്രമക്കേട് നടന്നതായും മമത ആരോപിക്കുന്നു.
'ഞാന്‍ പരാജയപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ രാജ്ഭവനിലേക്ക് പോകില്ല, രാജിക്കത്ത് നല്‍കില്ല. ജനവിധി ബി.ജെ.പി കൊള്ളയടിച്ചതാണ്. ഈ രാഷ്ട്രീയ പോരാട്ടം ഞാന്‍ തുടരും, തെരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യും.' - മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
