ചെന്നൈക്കായി സഞ്ജു സാംസൺ പുറത്താകാതെ 52 പന്തിൽ 87 റൺസ് നേടി. വെടിക്കെട്ട് ബാറ്റിംഗിലൂടെ ഡൽഹി ബൗളർമാരെ നിലംപരിശാക്കിയ സഞ്ജുവിന് പിന്തുണയുമായി അനീഷ് കാർത്തിക്കും (41*) ക്രീസിൽ ഉറച്ചുനിന്നു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് മത്സരം അനായാസം ചെന്നൈയുടെ കൈപ്പിടിയിലൊതുക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഡൽഹി നിരയിൽ സമീർ റിസ്‌വി (40) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
അതേസമയം, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ അടിപതറിയ ചെന്നൈ സൂപ്പർ കിംഗ്‌സ്, പോരാട്ടവീര്യം കൊണ്ട് ലീഗിലേക്ക് ശക്തമായി തിരിച്ചെത്തുന്നു. തുടർച്ചയായ മൂന്ന് പരാജയങ്ങളുമായി ടൂർണമെന്റ് ആരംഭിച്ച ചെന്നൈ, ഇന്ന് ബൗളിംഗ് കരുത്തിൽ മറ്റ് ടീമുകൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
ആദ്യ മൂന്ന് മത്സരങ്ങളിൽ ചെന്നൈ ബൗളർമാർ വഴങ്ങിയത് 588 റൺസായിരുന്നു. വെറും 10 വിക്കറ്റുകൾ മാത്രം വീഴ്ത്തിയ ബൗളർമാരുടെ എക്കണോമി റേറ്റ് 11.37 എന്ന മോശം നിലയിലായിരുന്നു. എന്നാൽ പിന്നീടുള്ള ഏഴ് മത്സരങ്ങളിൽ കണ്ടത് സിഎസ്‌കെയുടെ അവിശ്വസനീയമായ മാറ്റമാണ്.
കഴിഞ്ഞ ഏഴ് മത്സരങ്ങളിലായി 51 വിക്കറ്റുകളാണ് ചെന്നൈ ബൗളർമാർ പിഴുതത്. നിലവിൽ വിക്കറ്റ് വേട്ടയിൽ ഗുജറാത്ത് ടൈറ്റൻസിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ. എങ്കിലും 8.15 എന്ന എക്കണോമി റേറ്റിൽ പന്തെറിയുന്ന ചെന്നൈ ബൗളർമാർ കൃത്യതയുടെ കാര്യത്തിൽ ലീഗിൽ ഒന്നാമതാണ്.
