ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഔദ്യോഗികമായി ശതകോടീശ്വരന്മാരുടെ (Billionaire) ക്ലബ്ബിൽ ഇടംനേടി. ബ്ലൂംബെർഗിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെസ്സിയുടെ ആകെ ആസ്തി 1 ബില്യൺ ഡോളർ (ഏകദേശം 100 കോടി ഡോളർ) കവിഞ്ഞു. കരിയറിലെ മറ്റൊരു ചരിത്രനേട്ടം കൂടിയാണ് ഇതോടെ അർജന്റീനൻ നായകൻ സ്വന്തമാക്കിയത്.
2007-ൽ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചതുമുതൽ ശമ്പള ഇനത്തിലും ബോണസായും മാത്രം മെസ്സി 700 മില്യൺ ഡോളറിലധികം സമ്പാദിച്ചിട്ടുണ്ട്. ഇതിനുപുറമെ പ്രമുഖ ബ്രാൻഡുകളുമായുള്ള സ്പോൺസർഷിപ്പ് കരാറുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ ആസ്തി ഫുട്ബോൾ മൈതാനങ്ങൾക്കപ്പുറത്തേക്ക് വളർത്തിയത്. സൗദി ക്ലബ്ബുമായി വലിയ തുകയുടെ കരാറിലെത്തി നേരത്തെ തന്നെ കോടീശ്വര ക്ലബ്ബിൽ ഇടംനേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമാണ് മെസ്സി ഇപ്പോൾ എത്തിനിൽക്കുന്നത്.
വരുമാനത്തിൽ മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ
ഫോബ്‌സിന്റെ 2026 ലെ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അത്‌ലറ്റായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം വർഷവും മൊത്തത്തിൽ ആറാം തവണയുമാണ് 41 കാരനായ റൊണാൾഡോ ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ നികുതികളും ഏജന്റ് ഫീസുകളും കിഴിക്കുന്നതിന് മുൻപ് ഏകദേശം 300 മില്യൺ ഡോളറാണ് റൊണാൾഡോ സമ്പാദിച്ചത്.
2025-നെ അപേക്ഷിച്ച് റൊണാൾഡോയുടെ വരുമാനത്തിൽ 25 മില്യൺ ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ഒരു ഫുട്ബോൾ താരം നേടുന്ന ഏറ്റവും ഉയർന്ന വരുമാന റെക്കോർഡ് കൂടിയാണ്.
ഫുട്ബോളിന് പുറമെ മറ്റ് കായിക മേഖലകളിലെ താരങ്ങളും റെക്കോർഡ് വരുമാനവുമായി ഈ പട്ടികയിലുണ്ട്. ഫോർമുല 1 റേസിംഗ് താരം ലൂയിസ് ഹാമിൽട്ടൺ ഫെരാരിക്കായി ഡ്രൈവ് ചെയ്ത് കഴിഞ്ഞ വർഷം ഏകദേശം 100 മില്യൺ ഡോളറാണ് സമ്പാദിച്ചത്. 2021-ൽ മെഴ്‌സിഡസിനായി റേസ് ചെയ്യുമ്പോൾ അദ്ദേഹം സ്ഥാപിച്ച 82 മില്യൺ ഡോളറിന്റെ ഫോർമുല 1 റെക്കോർഡാണ് ഇതോടെ മറികടക്കപ്പെട്ടത്.
