മഴ ഭീഷണിയുയര്‍ത്തിയ ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 6 വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ്

മഴ ഭീഷണിയുയര്‍ത്തിയ ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 6 വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് (105) ആര്‍സിബിക്ക് വിജയപാത ഒരുക്കിയത്. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി ഈ സീസണിലും കിരീടത്തിലേക്കുള്ള ദൂരം അടുത്തു വരുകയാണ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയ ലക്ഷ്യം വിരാട് കോഹ്ലിയും സംഘവും മറികടന്നത് നിശ്ചിത ഓവര്‍ അവസാനിക്കാന്‍ അഞ്ചുപന്തുകള്‍ ശേഷിക്കെയാണ്. ആറുവിക്കറ്റിന്റെ മനോഹര ജയത്തോടെ ടീമിന് ഉജ്വല ജയം സമ്മാനിച്ചതാകട്ടെ കിങ് കോഹ്ലിയും. ജേക്കബ് ബെതലും (15), ക്യാപ്റ്റന്‍ രജത് പാട്ടിദാറും (11), ടിം ഡേവിഡും (രണ്ട്) എന്നിവര്‍ അതിവേഗം മടങ്ങിയപ്പോള്‍ പിടിച്ചുനിന്നത് വിരാട് കോഹ്ലിയും (105) ദേവ്ദത്ത് പടിക്കലുമാണ് (39).

60 പന്തില്‍ മൂന്ന് സിക്സും 11 ഫോറും ഉള്‍പ്പടെയാണ് വിരാട് കോഹ്ലി 105 റണ്‍സെടുത്തത്. 175 സ്ട്രൈക്ക് റേറ്റിലാണ് കോഹ്ലി കൊല്‍ക്കത്ത ബാറ്റുവീശിയത്. ഈ സീസണിലെ 12 മത്സരങ്ങളില്‍ നിന്നായി 484 റണ്‍സുമായി കോഹ്ലി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി. ഒരു സെഞ്ചുറിക്ക് പുറമെ, മൂന്ന് അര്‍ധ സെഞ്ചുറിയും കോഹ്ലി നേടിയിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ തീര്‍ക്കുന്നതായിരുന്നു കോഹ്ലിയുടെ ഈ ഇന്നിങ്സ്.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലുമാണ് കോഹ്ലി ഡക്കായി മടങ്ങിയത്. ഇത് വലിയ നിരാശയുണ്ടാക്കിയതിന് പിന്നാലെ സെഞ്ചുറി നേട്ടം. കഴിഞ്ഞദിവസത്തെ സെഞ്ചുറിക്ക് പിന്നാലെ ഐപിഎലിലെ റെക്കോഡ് നേട്ടത്തില്‍ തന്റെ പേര് ഉറപ്പിച്ചുനിര്‍ത്താനും കോഹ്ലിക്കായി. ഐപിഎല്‍ ചരിത്രത്തില്‍ കോഹ്ലിയുടെ ഒമ്പതാം സെഞ്ചുറിയാണിത്. ഏഴ് സെഞ്ചുറികളുള്ള ജോസ് ബട്ലറെ പിന്നിലാക്കി താരം ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറ് സെഞ്ചുറി നേടിയ ക്രിസ് ഗെയ്ല്‍, അഞ്ചു സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ എന്നിവരാണ് കോഹ്ലിക്ക് പിന്നിലുള്ള മറ്റു താരങ്ങള്‍.