ചിത്രത്തിന്‍റെ വിപണിമൂല്യം മനസിലാക്കി ബോളിവുഡ് നിര്‍മ്മാണ കമ്പനികളായ പെന്‍ സ്റ്റുഡിയോസ്, ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് എന്നിവര്‍ മലയാളം ദൃശ്യം 3 ല്‍ ആശിര്‍വാദ് സിനിമാസിനൊപ്പം കൈ കോര്‍ത്തിരുന്നു. മികച്ച അന്തര്‍ദേശീയ റിലീസ് ലഭിക്കാന്‍ ഇത് ഇടയാക്കി. 67 രാജ്യങ്ങളിലാണ് ചിത്രം ഇന്നലെ റിലീസ് ചെയ്യപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. ആദ്യ ദിനം വൈകിട്ട് 4 മണിയൊക്കെ ആയപ്പോഴേക്കും ചിത്രത്തിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സി 90 ശതമാനത്തിന് മുകളിലേക്ക് എത്തിയിരുന്നു. സ്വാഭാവികമായും വലിയ ടിക്കറ്റ് പ്രഷറും വന്നു. ഇത് മനസിലാക്കി കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ഇന്നലെ നടന്നു എന്നാണ് കണക്ക്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ ഗ്രോസ് 18.37 കോടിയും നെറ്റ് കളക്ഷന്‍ 15.85 കോടിയുമാണ്. ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളില്‍ വന്‍ പ്രതികരണമാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 43.37 കോടിയാണ് ആദ്യ ദിനം നേടിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇത് ആദ്യ കണക്കുകളാണ്. ഫൈനല്‍ ഫിഗറില്‍ വ്യത്യാസം വരുമെന്ന് ഉറപ്പാണ്. കേരളത്തില്‍ നിന്നുള്ള പ്രധാന ട്രാക്കര്‍മാര്‍ ഇത് അടിവരയിടുന്നുമുണ്ട്. ദൃശ്യം 3 ന്‍റെ ആഗോള ഓപണിംഗ് 46 കോടിക്ക് മുകളില്‍ ഉറപ്പായും വരുമെന്നാണ് അവര്‍ അറിയിക്കുന്നത്. 50 കോടിക്ക് അടുത്ത് നില്‍ക്കാനാണ് സാധ്യത. 50 കടന്നാലും അത്ഭുതപ്പെടാനില്ല. വരും മണിക്കൂറുകളില്‍ കൃത്യം കണക്കുകള്‍ പുറത്തെത്തും. അതേസമയം നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി അത് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എന്തായാലും എമ്പുരാന്‍ കഴിഞ്ഞാല്‍ മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഓപണിംഗ് ദൃശ്യം 3 നേടി എന്നത് ഉറപ്പിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള പേട്രിയറ്റ് ആദ്യ ദിനം നേടിയത് 28.05 കോടി ആയിരുന്നു. അതേസമയം 68.20 കോടി ആയിരുന്നു എമ്പുരാന്‍റെ ആഗോള ഓപണിംഗ്.
