ഇവരെ പോലുള്ള നന്മ നിറഞ്ഞ മനുഷ്യരുടെ കൂടെ ജീവിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്.
കാസര്‍കോട് പെരിയയിലെ ഒരു ചെറിയ ലോട്ടറി കട നടത്തുന്ന സജിത്ത് ആണ് സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ നാട്ടുകാരുടെ പ്രിയങ്കരനായി മാറിയത്. ഒരു പാവപ്പെട്ട കുടുംബത്തിനാണ് പാറപ്പള്ളി കുമ്പള സ്വദേശി സജിത്ത് താങ്ങായത്...
പുല്ലൂര്‍ തടത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ബിജു പതിവ് പോലെ ഒരു ടിക്കറ്റ് എടുത്ത് വെക്കാന്‍ സജിത്തിനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. മാറ്റി വെച്ച ടിക്കറ്റിന്റെ നമ്പര്‍ ഏതാണെന്ന് പോലും ബിജുവിന് അറിയില്ലായിരുന്നു. അങ്ങനെ എടുത്തു വെച്ച ധന ലക്ഷ്മി ടിക്കറ്റിന് (DK 765564) രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചു. പ്രൈസ് കിട്ടിയ വിവരം അപ്പോള്‍ തന്നെ സജിത്ത് തിരുവനന്തപുരത്ത് മകളോടൊപ്പം ആശുപത്രിയില്‍ കഴിയുന്ന ബിജുവിനെ വിളിച്ചു അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആ കുടുംബത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കാരണം ക്യാന്‍സര്‍ രോഗിയായ മകളുടെ ചികിത്സ ചിലവിനു കഷ്ടപ്പെടുന്ന കുടുംബത്തിന് അതൊരു വലിയ ആശ്വാസമായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ ചികില്‍സയ്ക്കു നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട് അതിലൂടെയാണ് ഇത്രയും നാള്‍ തിരുവനന്തപുരം RCC യില്‍ ചികില്‍സ നടന്നു വരുന്നത്. ഇനിയും ഒരുപാട് പണം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഭാഗ്യത്തിന്റെ കടാക്ഷം വന്നു ചേര്‍ന്നത്. ഇതിലും വലിയ മനസ്സില്‍ തട്ടുന്ന കാര്യമെന്തെന്നാല്‍ തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന സജിത്ത് കടന്നല്‍ കുത്തേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈയിടെയാണ് ലോട്ടറി കട തുടങ്ങി ജീവിതത്തിലേക്ക് പതിയെ കയറി വരുന്നത്. തന്റെ പ്രയാസങ്ങള്‍ക്കിടയിലും മറ്റൊരാളുടെ കഷ്ടപ്പാട് മനസ്സിലാക്കി സത്യസന്ധതയോടെ പെരുമാറിയ സജിത്തിന് ഒരായിരം നന്ദി. അഭിനന്ദനങ്ങള്‍
ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.....
