കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2024ലെ വിവാദങ്ങൾക്ക് ശേഷം സുരക്ഷ ശക്തമാക്കിയെന്ന അവകാശവാദങ്ങൾ നിലനിൽക്കെയായിരുന്നു 2026ൽ വീണ്ടും നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത്. ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വീണ്ടും പ്രതിസന്ധിയിലാക്കി.
ഈ കേസിലെ ഏറ്റവും ശ്രദ്ധേയമായ വിവരം, എൻടിഎ പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ച സബ്ജക്ട് എക്സ്പെർട്ടുകൾ തന്നെയാണ് ചോർച്ചയ്ക്ക് പിന്നിലെന്നതാണ്. പൂനെയിലെ ബയോളജി ലെക്ചററായ മനീഷ ഗുരുനാഥ് മന്ദ്ഹാരെയും കെമിസ്ട്രി പ്രഫസറായ പി.വി. കുൽക്കർണിയെയും സിബിഐ അറസ്റ്റ് ചെയ്തു. എൻടിഎ വിദഗ്ധരെന്ന നിലയിൽ ചോദ്യപേപ്പറുകളിലേക്ക് പൂർണ പ്രവേശനമുണ്ടായിരുന്ന ഇവർ, പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപേ തന്നെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തിയതായും കണ്ടെത്തി.
ബോട്ടണി, സുവോളജി, കെമിസ്ട്രി വിഭാഗങ്ങളിലെ യഥാർഥ ചോദ്യങ്ങൾ അതേപടി വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുകയും, അവ നോട്ടുപുസ്തകങ്ങളിൽ എഴുതിപ്പിക്കുകയുമായിരുന്നു എന്നാണ് സിബിഐയുടെ കണ്ടെത്തൽ.
അന്വേഷണത്തിന് വഴിത്തിരിവായത് പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ‘ഗസ് പേപ്പർ’ ആയിരുന്നു. 410 ചോദ്യങ്ങൾ ഉൾപ്പെട്ട ഈ ഗസ് പേപ്പറിലെ ചോദ്യങ്ങൾ, യഥാർഥ നീറ്റ് പരീക്ഷയിലെ ബയോളജി, കെമിസ്ട്രി വിഭാഗങ്ങളിലെ ചോദ്യങ്ങളുമായി പൂർണമായും ഒത്തുപോയതായി ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ചോദ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതിനെ തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത 2026ലെ നീറ്റ്-യുജി പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കി. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പുതുക്കിയ നീറ്റ് പരീക്ഷ 2026 ജൂൺ 21ന് നടത്തുമെന്ന് എൻടിഎ പ്രഖ്യാപിച്ചു.
#neetexam #LatestNews #CBI
