വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകും?, 118 എംഎല്‍എമാരുടെ പിന്തുണയായി; അവകാശവാദമുന്നയിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടന്‍ വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്. 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎല്‍എമാരുടെ പിന്തുണ വിജയ്യുടെ തമിഴക വെട്രി കഴകം ഉറപ്പാക്കി. ഇതോടെ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ യുഗത്തിന് തുടക്കമാവുകയാണ്. തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെ, ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കൂടി ആവശ്യമായിരുന്നു.

നേരത്തെ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി വിജയിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സഖ്യകക്ഷികളുടെ പിന്തുണ കത്തുകള്‍ സഹിതം ഇന്ന് വൈകുന്നേരത്തോടെ വിജയ് ഗവര്‍ണറെ കാണും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിച്ചിരുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികളെ പിന്തള്ളിയാണ് വിജയ് ഭരണത്തിലേറുന്നത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയെന്നും സൂചനയുണ്ട്.