സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റം കുറിച്ച് യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക്. 102 സീറ്റുകൾ നേടി പത്ത് വർഷത്തിന് ശേഷമാണ് മുന്നണി ഭരണം പിടിച്ചടക്കിയത്.

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റം കുറിച്ച് യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക്. 102 സീറ്റുകൾ നേടി പത്ത് വർഷത്തിന് ശേഷമാണ് മുന്നണി ഭരണം പിടിച്ചടക്കിയത്. കോൺഗ്രസ് മാത്രം 63 സീറ്റുകൾ സ്വന്തമാക്കി പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കുറിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റിൽ ഒതുങ്ങിയ യുഡിഎഫ് ഇത്തവണ പ്രവചനങ്ങളെല്ലാം മറികടന്ന് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും വ്യക്തമായ മേൽക്കോയ്മ മുന്നണിക്ക് ലഭിച്ചു. മലപ്പുറം, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ സീറ്റുകളും യുഡിഎഫ് നേടി സമ്പൂർണാധിപത്യം ഉറപ്പിച്ചു.

പത്തനംതിട്ട, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ ഓരോ സീറ്റ് ഒഴികെ ബാക്കിയൊക്കെ യുഡിഎഫ് സ്വന്തമാക്കി. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

ഘടക കക്ഷികളായ മുസ്ലിം ലീഗും കേരള കോൺഗ്രസും മികച്ച പ്രകടനം കാഴ്ചവെച്ചു. കേരള കോൺഗ്രസ് മത്സരിച്ച എട്ട് സീറ്റിൽ ഏഴും നേടി മുന്നണിയിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ നിന്നുള്ള ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇത്തവണ നിയമസഭാ പോരാട്ടത്തിനിറങ്ങിയത്. സർക്കാർ വിരുദ്ധ പ്രചാരണങ്ങളും ശബരിമല വിഷയവും സിപിഎം–എസ്ഡിപിഐ–ബിജെപി ബന്ധാരോപണങ്ങളും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി. ശക്തമായ ആന്റി ഇൻകംബൻസി വികാരവും യുഡിഎഫിന് അനുകൂലമായി.

ഇതിനൊപ്പം പ്രകടന പത്രികയിലെ ‘ഇന്ദിര ഗ്യാരണ്ടി’ പോലുള്ള വാഗ്ദാനങ്ങൾ, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരെ ഏറെ സ്വാധീനിച്ചു. ഈ വിജയം ഭരണം മാത്രമല്ല, കോൺഗ്രസിനും യുഡിഎഫിനും വലിയ ആത്മവിശ്വാസവും നൽകുന്നതാണ്.