തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യവില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം. ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യശാലകള്‍ പൂര്‍ണമായി അടയ്ക്കും. കൂടാതെ, വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും.

വോട്ടെടുപ്പ് സമയപരിധി അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളില്‍ റീപോളിങ് ആവശ്യമുണ്ടായാല്‍, ആ പ്രദേശങ്ങളിലും അതേ ദിവസങ്ങളില്‍ ഡ്രൈ ഡേ ബാധകമാകും.
ഈ കാലയളവില്‍ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കളുടെ വാങ്ങല്‍, സംഭരണം, വിതരണം, ഉപയോഗം എന്നിവയ്ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യശാലകള്‍ക്കൊപ്പം ക്ലബ്ബുകളും ഹോട്ടലുകളും ഉള്‍പ്പെടെ എല്ലാ വില്‍പന കേന്ദ്രങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.

അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാന്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ശക്തമാക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.