സ്വർണ്ണമനുഷ്യന്റെ’ തനിനിറം പുറത്ത്; തിളങ്ങിയതെല്ലാം പൊന്നല്ല, വെറും ചെമ്പ്!

കാണുമ്പോൾ കണ്ണഞ്ചിപ്പോകുന്ന ആഭരണങ്ങൾ, ശരീരമാസകലം സ്വർണ്ണത്തിൽ പൊതിഞ്ഞ ലുക്ക്... സോഷ്യൽ മീഡിയയിലെ ആ പഴയ 'ഗോൾഡ് മാൻ' പല്ലപ്പു സുരേഷ് കുമാർ എന്ന സൂര്യ ഭായ് ഒടുവിൽ പിടിയിലായി. പക്ഷേ ട്വിസ്റ്റ് അതല്ല! ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്; ഇത്രയും കാലം ഇയാൾ കൊണ്ടുനടന്ന ആ കിലോക്കണക്കിന് 'സ്വർണ്ണാഭരണങ്ങൾ' ഭൂരിഭാഗവും വെറും ചെമ്പായിരുന്നു!

രണ്ട് കിലോ സ്വർണ്ണവുമായി പിടിയിലായ മറ്റൊരു യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് സൂര്യ ഭായുടെ കള്ളക്കളികൾ പുറത്തായത്. ഏകദേശം 2.3 കോടി രൂപ വിലമതിക്കുന്ന 1.4 കിലോ യഥാർത്ഥ സ്വർണ്ണം ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പുറമെ കാണിക്കാൻ 'മുക്കുപണ്ടവും' ഉള്ളിൽ കടത്താൻ അസ്സൽ സ്വർണ്ണവും എന്നതായിരുന്നു ഇയാളുടെ ലൈൻ. സ്വർണ്ണമനുഷ്യന്റെ തിളക്കം വെറും 'ചെമ്പ്' ആയിരുന്നെന്ന് അറിഞ്ഞതിന്റെ ആവേശത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.