കൊല്ലം നഗരത്തിൽ നിന്നും മയ്യനാട്ടെ ഒരു വീടിന്റെ ഉമ്മറത്തേക്ക് പുലർച്ചെ നാലുമണിക്കൊരു 'സർപ്രൈസ് വിസിറ്റർ'! മദ്യപിച്ച് ബോധം പോയ ഗൈഡ് വഴിയിൽ വീണതോടെ, പാതിരാത്രിയിൽ വഴിതെറ്റി അലയേണ്ടി വന്നത് ഒരു 19-കാരനായ ബ്രിട്ടീഷ് പൗരനാണ്. കൊല്ലത്തെ ഹോട്ടലിൽ നിന്നും ഗൈഡിനൊപ്പം പുറത്തിറങ്ങിയ ഹിറ്റ് പാട്രിക് ജോൺ എന്ന യുവാവാണ് ഗൈഡ് 'ഔട്ടായതോടെ' വഴിമുട്ടിപ്പോയത്.
കൊല്ലത്തെയും കൊട്ടിയത്തെയും ബാറുകളിൽ കയറി പൂസായ ഗൈഡ് ഒടുവിൽ ബോധരഹിതനായി വീണു. കൂടെയുള്ള ആൾ വീണതോടെ താമസസ്ഥലം തേടിയിറങ്ങിയ പാട്രിക് എത്തിയത് മയ്യനാട് ധവളക്കുഴിയിലെ വിഷ്ണുവിന്റെ വീട്ടുപടിക്കലാണ്. നേരം വെളുക്കാറായ നേരത്ത് വാതിലിൽ ശക്തമായ മുട്ടു കേട്ട് പേടിയോടെ പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് മുന്നിൽ നിൽക്കുന്ന സായിപ്പിനെ!
ഭാഷ അറിയില്ലെങ്കിലും യുവാവിന്റെ അവസ്ഥ കണ്ട വിഷ്ണു ഉടൻ തന്നെ പഞ്ചായത്ത് മെമ്പറെയും പോലീസിനെയും വിവരമറിയിച്ചു. ഒടുവിൽ ഇരവിപുരം പോലീസെത്തി പാസ്‌പോർട്ടും രേഖകളും പരിശോധിച്ച് സായിപ്പിനെ സുരക്ഷിതമായി കൊല്ലത്തെ ഹോട്ടലിലെത്തിച്ചു. ഗൈഡിനെ വിശ്വസിച്ച് ഇറങ്ങിയ സായിപ്പിന് ഒടുവിൽ പോലീസുകാർ തന്നെ വേണ്ടിവന്നു നാടുകാണാൻ!
