അണലിക്കൂട്ടത്തെ 'കൈകാര്യം' ചെയ്ത് അമ്മപ്പൂച്ചയും മക്കളും; ആറ്റിങ്ങലിൽ ഒരു സാഹസിക രക്ഷാപ്രവർത്തനം

ആറ്റിങ്ങലുകാർക്ക് ഇനി അഭിമാനത്തോടെ പറയാം, ഞങ്ങളുടെ നാട്ടിലുമുണ്ട് ഒരു 'സെർ' എന്ന്! വെറുമൊരു പൂച്ചയല്ല, സ്വന്തം കുടുംബത്തെയും ഉടമസ്ഥരെയും കാക്കാൻ അണലിക്കൂട്ടത്തോട് പൊരുതി ജയിച്ച ഒരു വീര നായികയാണ് ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്തെ ഈ അമ്മപ്പൂച്ച.

നിഷയുടെ വീട്ടിലെ ഈ വളർത്തുപൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേർന്ന് വെറും ഒരു മണിക്കൂറിനുള്ളിൽ പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെയാണ്! വീടിനടുത്തുള്ള കാട്ടിൽ നിന്നും പാമ്പിന്റെ തലയിൽ കടിച്ചുകുടഞ്ഞ് മുറ്റത്തേക്ക് കൊണ്ടുവരുന്ന അമ്മപ്പൂച്ചയെ കണ്ട് വീട്ടുകാർ ആദ്യം ഒന്ന് ഞെട്ടി. എന്നാൽ പിന്നാലെ തന്നെ അമ്മയ്ക്ക് കൂട്ടായി രണ്ട് കുട്ടിപ്പൂച്ചകളും ഓരോ പാമ്പുകളുമായി എത്തിയതോടെ സംഭവം ഗൗരവമായി.

കാട്ടിലേക്ക് തിരികെപ്പോയി ഓരോന്നായി എട്ട് അണലികളെയാണ് ഈ 'ക്യാറ്റ് ആർമി' വേട്ടയാടിയത്. വിവരമറിഞ്ഞ് പാമ്പുപിടുത്തക്കാരൻ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും എട്ടെണ്ണത്തിനെയും പൂച്ചകൾ തീർപ്പാക്കിയിരുന്നു. ബാക്കിയുണ്ടായിരുന്ന മൂന്ന് അണലിക്കുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടുകയും ചെയ്തു.

മുറ്റത്ത് അണലിക്കൂട്ടം ഉണ്ടായിരുന്ന വിവരം പൂച്ചകൾ കാട്ടിത്തന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ വലിയ അപകടം തന്നെ സംഭവിക്കുമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഈ പൂച്ചക്കുടുംബം. സ്നേഹിച്ചു വളർത്തുന്ന മൃഗങ്ങൾ കാവൽക്കാരായി മാറുന്ന കാഴ്ച ശരിക്കും അത്ഭുതം തന്നെ.