*വിഷു ആഘോഷത്തിന്റെ തിരക്കിൽ മലയാളികള്‍.*

ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമായ വിഷു ആഘോഷത്തിന്റെ തിരക്കിലാണ് മലയാളികള്‍.

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. വരാനിരിക്കുന്ന ഒരു വർഷത്തെ ഫലത്തെക്കുറിച്ചുള്ള മലയാളി മനസ്സിന്റെ പ്രതീക്ഷ കൂടിയാണ് ഇത്.

രാവും പകലും തുല്യമായ ദിവസമാണ് വിഷു. ഓണം കഴിഞ്ഞാല്‍ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന്‌ പറയാം‌

വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങള്‍ ധരിക്കുക, കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകള്‍. കൊന്ന മരവും അവയുടെ മഞ്ഞ പൂക്കളും വിഷുവിന് പ്രധാനമാണ്. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്

കണിക്കൊന്നയും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് വിഷുപുലരിയില്‍ മലയാളി കണ്‍തുറക്കുന്നത്. വിളവെടുപ്പ് ഉത്സവം എന്ന് പേരുള്ളതു കൊണ്ട് കാർഷിക വിളകള്‍ക്കാണ് കണിയില്‍ പ്രാധാന്യം. കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. കൊന്നപ്പൂവ്, വെള്ളരി, മാങ്ങ, ചക്ക, നാളികേരും, അഷ്ടമാംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം വിളക്കിനു മുന്നില്‍ ഒരുക്കി വയ്ക്കുന്നു.

രാമായണം, മഹാഭാരതം, ഭഗവദ്ഗീത, തുടങ്ങിയ മതഗ്രന്ഥങ്ങളും, കൃഷ്ണൻ്റെ പ്രതിമ അല്ലെങ്കില്‍ ഫോട്ടോ എന്നിവയും വയ്ക്കാറുണ്ട്.

വിഷുവിനെ സംബന്ധിച്ച്‌ പ്രധാനമായും രണ്ട് വിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്:

ശ്രീകൃഷ്ണനും നരകാസുരനും: തിന്മയുടെ പ്രതീകമായ നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ചതിന്റെ ആഘോഷമാണ് വിഷു എന്നാണ് ഒരു ഐതിഹ്യം.

രാവണവധവും സൂര്യോദയവും: രാവണന്റെ ഭരണകാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ലെന്നും, രാവണവധത്തിന് ശേഷം സൂര്യൻ നേരെ ഉദിച്ചു തുടങ്ങിയതിന്റെ സ്മരണയ്ക്കായി വിഷു ആഘോഷിക്കുന്നുവെന്നും കരുതപ്പെടുന്നു. ലങ്കാദഹനത്തിന്റെ പ്രതീകമായി വിഷുത്തലേന്ന് വീട്ടുപരിസരം വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിക്കുന്ന രീതിയും ചിലയിടങ്ങളിലുണ്ട്.

സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഈ വിഷുപ്പുലരിയില്‍ ഏവർക്കും Media16 ന്യൂസ്‌ നേരുന്നു ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍