ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലറും.,പ്രമുഖ പത്രപ്രവർത്തകനുമായ ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷൻ കുഴിവിള പുത്തൻവീട്ടിൽ കെ വി ജയപാലൻ (90)അന്തരിച്ചു .

 ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിലെ പ്രമുഖ പത്രപ്രവർത്തകനായ ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷൻ കുഴിവിള പുത്തൻവീട്ടിൽ കെ വി ജയപാലൻ അന്തരിച്ചു .
 90 വയസ്സായിരുന്നു .

 സംസ്കാരം നാളെ (1 -5 -26 വെള്ളി) പകൽ ഒരുമണിക്ക് ആറ്റിങ്ങൽ നഗരസഭ സ്മശാനത്തിൽ .

 ഭാര്യ : പരേതയായ ഓമന.
 മക്കൾ: മനോജ് (പത്രപ്രവർത്തനം), ബിനോജ്, പ്രിയജ .
 മരുമക്കൾ: ബിഷറാണി, ദീപ്തി, ഷാജി.

 കേരളകൗമുദി പത്രത്തിന്റെ ഏജന്റ് ആയിരുന്ന പി കെ വേലായുധന്റെയും എൻ ഭഗവതിയുടെയും മൂത്തമകനായി 1937 ൽ കെ വി ജയപാലൻ ജനിച്ചു .
 വിദ്യാഭ്യാസത്തിനിടെ പിതാവിന്റെ മരണത്തോടെ കേരളകൗമുദിയുടെ ഏജൻസി ഏറ്റെടുത്തു . അന്നുമുതൽ മരണം വരെ ജയപാലൻ പത്രപ്രവർത്തനരംഗത്ത് സജീവമായിരുന്നു. 

 പത്രപ്രവർത്തനരംഗത്ത് ജില്ലാ കേന്ദ്രങ്ങളിലും ചില പ്രധാന സ്ഥലങ്ങളിലും മാത്രം സ്വന്തം ലേഖകൻമാർ ഉണ്ടായിരുന്ന കാലഘട്ടത്തിൽ 1952 മുതൽ കെ വി ജയപാലൻ കേരള കൗമുദിക്ക് വേണ്ടി പ്രാദേശിക വാർത്തകൾ എഴുതുവാൻ തുടങ്ങി.
 ആറ്റിങ്ങലിലെയും സമീപപ്രദേശങ്ങളിലെയും പ്രധാനപ്പെട്ട വാർത്തകൾ ഫോണിലൂടെയും കത്തിലൂടെയും കേരളകൗമുദി ഓഫീസിൽ അയച്ചു കൊടുത്തിരുന്നു .
 പത്രത്തിന് ഒരു എഡിഷൻ മാത്രം ഉണ്ടായിരുന്ന കാലത്ത് സ്വന്തം ലേഖകനായി (സ്വലേ ) പ്രവർത്തിക്കുവാൻ അവസരം ഒരുക്കിയ കേരള കൗമുദി പത്രാധിപർ കെ സുകുമാരൻ ആവശ്യമായ പ്രചോദനങ്ങൾ ജയപാലിന് നൽകിയിരുന്നു. 
 ടെലിഗ്രാം , ടെലിഫോൺ സൗകര്യങ്ങളും ജയപാലന് ഏർപ്പെടുത്തി കൊടുത്തിരുന്നു . 

 സ്വന്തം ലേഖകന്റെ ജോലിത്തിരക്കിനിടയിൽ തന്നെ ആറ്റിങ്ങലിലെ പൊതുപ്രവർത്തനങ്ങളിലും ജയപാലൻ ശ്രദ്ധിച്ചിരുന്നു . 
 വിവിധ സർക്കാർ ആശുപത്രികളിലെ ഡെവലപ്മെന്റ് കമ്മിറ്റികളിൽ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
 
ആറ്റിങ്ങൽ സ്പോർട്സിന്റെ ഇതിഹാസമായിരുന്ന ആറ്റിങ്ങൽ അമച്വർ അത് ലറ്റിക്ക് അസോസിയേഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ജയപാലൻ ദീർഘനാൾ പ്രവർത്തിച്ചു .
ലൈബ്രേറിയനായും ജയപാലൻ പ്രവർത്തിച്ചിട്ടുണ്ട്.

 1979 - 84 കാലഘട്ടത്തിൽ ആറ്റിങ്ങൽ നഗരസഭ അംഗമായിരുന്നു കെ വി ജയപാലൻ .

 1984 - 94 കാലത്ത് ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു അദ്ദേഹം .

 പ്രധാന പത്രങ്ങൾക്ക് തിരുവനന്തപുരം എഡിഷൻ തുടങ്ങിയതിനുശേഷമാണ് ആറ്റിങ്ങലിൽ പത്രലേഖകർ ഉണ്ടായത് . പത്രലേഖകന്മാരും പത്ര ഏജന്റ് മാരും ഉൾപ്പെട്ട ചിറയിൻകീഴ് താലൂക്ക് ജേർണലിസ്റ്റ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ജയപാലന്റെ നേതൃത്വത്തിലാണ് .
 അസോസിയേഷന്റെ സ്ഥാപക വൈസ് പ്രസിഡന്റ് ആയിരുന്നു കെ വി ജയപാലൻ . കുറച്ച് വർഷങ്ങൾക്ക് ശേഷം ഈ സംഘടനയുടെ പ്രവർത്തനം നിലച്ചുപോയി .

 പത്രങ്ങൾക്ക് പ്രത്യേക എഡിഷനുകൾ ആരംഭിച്ചതിനുശേഷമാണ് പ്രാദേശിക വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു തുടങ്ങിയത് . അതിനുശേഷം ആറ്റിങ്ങലിലെ പത്ര പ്രവർത്തകർ ചേർന്ന് ആറ്റിങ്ങൽ പ്രസ് ക്ലബ്ബിന് രൂപം നൽകി. അതിന്റെ പ്രസിഡന്റ് ആയും കെ വി ജയപാലൻ പ്രവർത്തിച്ചിരുന്നു.
 ആ കാലഘട്ടത്തിലാണ് ആദ്യമായി ആറ്റിങ്ങലിൽ പത്രസമ്മേളനങ്ങൾ ആരംഭിച്ചത് .

 കേരളകൗമുദിക്ക് ആറ്റിങ്ങൽ ന്യൂസ് ബ്യൂറോ ആരംഭിക്കുന്നത് വരെ ജയപാലൻ സ്വന്തം ലേഖകനായി പ്രവർത്തിച്ചിരുന്നു.
 മരണസമയത്തും കെ വി ജയപാലൻ കേരളകൗമുദിയുടെ ഏജന്റ് ആയിരുന്നു. ( മുക്കാൽ നൂറ്റാണ്ടോളം കാലം കെ വി ജയപാലന് കേരളകൗമുദി പത്രത്തിന്റെ ഏജൻസി ഉണ്ടായിരുന്നു ) 

 കഴിഞ്ഞ കുറേ വർഷങ്ങളായി ആറ്റിങ്ങലിന്റെ ചരിത്രം എഴുതുന്ന തിരക്കിലായിരുന്നു ജയപാലൻ .
 പുസ്തകം അച്ചടിക്കുന്നതിന്റെ തയ്യാറെടുപ്പിനിടെയാണ് കെ വി ജയപാലിന്റെ അന്ത്യം സംഭവിച്ചത് .