*54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു*

ഫ്ലോറിഡ: 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്. മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് ആ പേടകത്തിലുള്ളത്. പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആ‌ർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആ‌ർട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്.