അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങി, 16കാരന് ദാരുണാ.ന്ത്യം.

കോഴിക്കോട് ആയഞ്ചേരിയിൽ വിഷു ദിനത്തിൽ വിദ്യാർത്ഥി മുങ്ങിമ.രിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ഹേമന്ദ് ബാബു (16) ആണ് മ.രിച്ചത്. നീന്തലറിയാത്ത ഹേമന്ദ് ശരീരത്തിൽ കെട്ടിയ തേങ്ങയുടെ തൊണ്ട് അഴിഞ്ഞുപോയതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്.

വിഷു ദിനത്തിൽ നാടിനെ കണ്ണീരിലാഴ്ത്തി പതിനാറുകാരനായ വിദ്യാർത്ഥിയുടെ ദാരുണ മ.രണം. വടകരയ്ക്കടുത്ത് ആയഞ്ചേരിയിൽ കാക്കുനി തുലറ്റുന്നട സ്വദേശിയും പതിനാറുകാരനുമായ ഹേമന്ദ് ബാബു(16) ആണ് മുങ്ങിമരിച്ചത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടിന് സമീപത്തെ അമ്പലത്തിൽ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഹേമന്ദിന് അപകടം സംഭവിച്ചത്.

ഹേമന്ദിന് നീന്തൽ വശമില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാനായി തേങ്ങയുടെ തൊണ്ട് ചേർത്ത്കെട്ട് ശരീരത്തിൽ ബന്ധിച്ചാണ് കുളത്തിലിറങ്ങിയത്. കുളിക്കുന്നതിനിടെ ശരീരത്തിൽ നിന്നും ഇത് അഴിഞ്ഞുപോവുകയും വെള്ളത്തിൽ താഴ്ന്നു പോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഹേമന്ദിനെ പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. 

വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ കരയ്ക്കെത്തിച്ച് ഉടൻ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല. ആയഞ്ചേരി റഹ്‌മാനിയ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ഹേമന്ദ്. 

അച്ഛൻ: പാറക്കുതാഴെ ബാബു. അമ്മ: പ്രേമ. സഹോദരി: ശ്രീദിയ. സംസ്ക്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ