ഘാനയിൽ അന്തരിച്ച നാവായിക്കുളം സ്വദേശി സൂരജിന് വിട; മൃതദേഹം സംസ്കരിച്ചു

​കല്ലമ്പലം: ആഫ്രിക്കയിലെ ഘാനയിൽ ഹൃദയാഘാതം മൂലം അന്തരിച്ച നാവായിക്കുളം സ്വദേശി സൂരജിന്റെ (26) മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു. നാവായിക്കുളം പൈവേലിക്കോണം അനിലാലയത്തിൽ സന്തോഷ് കുമാറിന്റെയും രജനിയുടെയും മകനാണ്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ജോലിസ്ഥലമായ ഘാനയിൽ വെച്ച് സൂരജ് മരണമടഞ്ഞത്.
​കഴിഞ്ഞ അഞ്ച് വർഷമായി ആഫ്രിക്കയിലെ കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതം യുവാവിന്റെ ജീവൻ കവരുകയായിരുന്നു.
​നടപടികൾ പൂർത്തിയാക്കി ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹം, ഇന്ന് രാവിലെ ഒൻപത് മണിയോടെ വീട്ടുവളപ്പിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. നീരജ് ആണ് ഏക സഹോദരൻ.