ആലപ്പുഴ: യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ദൗത്യവുമായും ആരും തന്റെയടുത്ത് വന്നിട്ടില്ല. എം എ ബേബി വന്നപ്പോഴും മറ്റുകാര്യങ്ങള്‍ ചര്‍ച്ചയായില്ല. പിന്നീടാണ് ആര്‍ നാസറും സുജാതയും വന്നത്. സുജാതയും ഹരിശങ്കറും തന്റെ ബന്ധുക്കളാണ്. മറ്റെല്ലാം പ്രചരണങ്ങള്‍ മാത്രമാണ്. ഹൈസ്‌കൂൾ കാലത്ത് പാര്‍ട്ടി അംഗമായി. ആരും നിര്‍ബന്ധിച്ചല്ല തന്നെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മെമ്പർഷിപ്പ് സ്ക്രൂട്ടിനി സമയത്ത് അംഗത്വം പുതുക്കിയില്ല. ആരോടും വിവരം പറഞ്ഞിരുന്നില്ല. പക്ഷേ ചാനലുകളിൽ വാർത്ത വന്നു. വാർത്ത വന്നപ്പോൾ വിവരം പരസ്യപ്പെടുത്തേണ്ടിവന്നു. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയുടെ നയങ്ങളെല്ലാം അംഗീകരിക്കുന്നു. ഒന്നും ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാൻ താനില്ല. 15 പാർട്ടി കോൺഗ്രസിൽ താൻ പങ്കെടുത്തിട്ടുണ്ട്. പാർട്ടിയെയോ പാർട്ടി രേഖയെയോ ആക്ഷേപിക്കാൻ ഇല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. ആർക്കെതിരെയും വ്യക്തിഹത്യ നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി വ്യക്തിഹത്യ നടത്തുകയാണ്. തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണ്. അധ്വാനിച്ച് ജീവിച്ച ആളാണ് തന്റെ അച്ഛൻ. വ്യക്തിഹത്യ കൊണ്ട് പാർട്ടി നശിക്കുക മാത്രമേയുള്ളൂ. കമ്മ്യൂണിസ്റ്റുകാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നയാളല്ല താൻ. മർദനവും ഗുണ്ടായിസവും ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലർത്തി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി സുധാകരൻ പറഞ്ഞു.
അയാൾക്കിനി എന്താ വേണ്ടത്, രണ്ടു തവണ മന്ത്രി ആയില്ലേ' എന്നാണ് ചോദിക്കുന്നത്. ഈ ചോദിക്കുന്നവർ മാർക്സിസ്റ്റുകാരല്ല. എത്ര തവണ മന്ത്രിസ്ഥാനത്ത് വന്നു എന്നതല്ല, ആ സ്ഥാനത്ത് വന്നിട്ട് എന്തു ചെയ്തു എന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാനെയും അദ്ദേഹം വിമര്‍ശിച്ചു. ഭരണഘടനയെ മാനിക്കണം. വിമര്‍ശിക്കാം, തിരുത്താം. നല്ല നല്ല ഭേദഗതികള്‍ വന്നിട്ടുണ്ട്. കുന്തവും കൊടച്ചക്രവും ഒന്നും വിമര്‍ശനമല്ല. വിമര്‍ശനം വേറെ, അറിവില്ലാതെ പറയുന്നത് വേറെയെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞതവണ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ട് കുറഞ്ഞപ്പോൾ അന്വേഷണം നടന്നു. എന്തുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞപ്പോൾ അന്വേഷണം വരുന്നില്ലെന്നും സുധാകരൻ ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് എളമരം കരീം റിപ്പോർട്ട് തയ്യാറാക്കിയത്?. തനിക്കെതിരെ അന്ന് തയ്യാറാക്കി റിപ്പോർട്ട് കള്ള റിപ്പോർട്ടാണ്. തന്നെ പുറത്താക്കുകയായിരുന്നു കരീമിന്റെ ലക്ഷ്യമെന്നും ജി സുധാകരൻ ആരോപിച്ചു
