ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ച് കയറ്റാൻ ശ്രമിച്ച മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ച് കയറ്റാൻ ശ്രമിച്ച മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സ്വദേശികളായ ഇവർ സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റായ കന്റോൺമെന്റ് ഗേറ്റിലൂടെയാണ് വാഹനം ഓടിച്ച് കയറ്റാൻ ശ്രമിച്ചത്.

വെള്ളിയാഴ്ച രാത്രി 7.45ഓടെയായിരുന്നു സംഭവം. ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞതോടെ സംഭവം ശ്രദ്ധയിൽപ്പെട്ടു.

ഹോട്ടലിലേക്കുള്ള വഴി കണ്ടെത്താൻ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് യാത്ര അവസാനിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കഴക്കൂട്ടത്തേക്ക് പോകുന്നതിനിടെയാണ് വഴിതെറ്റിയതെന്നും ഇവർ വിശദീകരിച്ചു.

അതേസമയം വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ്.