ഗ്യാസ് സിലിണ്ടർ തുറന്ന വീട്ടമ്മ ഞെട്ടിപ്പോയി; ഉള്ളിൽ പാചകവാതകത്തിന് പകരം കലക്കവെള്ളം!

കാത്തിരുന്ന് കിട്ടിയ ഗ്യാസ് സിലിണ്ടർ അടുപ്പിൽ ഘടിപ്പിച്ചിട്ടും കത്താത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ തട്ടിപ്പ് പുറത്തുവന്നത്. സിലിണ്ടറിന്റെ സീൽ പൊട്ടിച്ച് നോക്കിയപ്പോൾ ഗ്യാസിന് പകരം പുറത്തേക്ക് വന്നത് ചളിവെള്ളം! ഇൻഡേൻ ഗ്യാസ് ഏജൻസിയിൽ നിന്നും ലഭിച്ച സിലിണ്ടറിലാണ് ഈ തിരിമറി നടന്നതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് യുവതി പറയുന്നു.

16 കിലോയോളം ഭാരം വരേണ്ട സിലിണ്ടറിന് തൂക്കി നോക്കിയപ്പോൾ 22 കിലോയിലധികം ഭാരമുണ്ടായിരുന്നു. സംശയം തോന്നി സിലിണ്ടർ ചെരിച്ചുപിടിച്ച് നോക്കിയപ്പോൾ വലിയ അളവിൽ വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു. നിത്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പാചകവാതക വിതരണത്തിൽ പോലും ഇത്രയും വലിയ അനാസ്ഥയും വഞ്ചനയും നടക്കുന്നത് ജനങ്ങളെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ഇതിനോടകം തന്നെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഉപഭോക്താക്കൾ സിലിണ്ടർ വാങ്ങുമ്പോൾ കൃത്യമായി തൂക്കവും സീലും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്.