വിദ്യാർത്ഥികൾ ഓടിച്ച ബൈക്കിടിച്ച് അപകടം: ചികിത്സയിലായിരുന്ന മുൻ സ്കൂൾ ക്ലർക്ക് മരിച്ചു

​ കടയ്ക്കൽ : ചിതറ ഐരക്കുഴിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വായോധികൻ മരിച്ചു. മടത്തറ ഗവൺമെന്റ് ഹൈസ്‌കൂളിലെ മുൻ ക്ലർക്കായിരുന്ന ഐരക്കുഴി 'പൗർണമി'യിൽ അനിൽ കുമാർ (61-ഉണ്ണി) ആണ് അന്തരിച്ചത്. നാവായിക്കുളം സ്വദേശിയായ ഇദ്ദേഹം നാവായിക്കുളം സ്കൂളിലും ക്ലർക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
​കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അനിൽ കുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് ചിതറ എസ്എൻഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
​വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ, മോട്ടോർ വാഹന നിയമപ്രകാരം വാഹന ഉടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽനടപടികൾ ആരംഭിച്ചു.