ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്‌റാൻ: ഇറാൻ്റെ ‘അദൃശ്യവനിത’ ഖമനേയിയുടെ ഭാര്യ മൻസൂറയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മൻസൂറ ഖോജസ്തേ ബാഗേർസദെ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1964-ലാണ് ആയത്തുല്ല അലി ഖമനേയി മൻസൂറയെ വിവാഹം കഴിച്ചത്. നീണ്ട 50 വർഷത്തിലേറെയായി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1947-ൽ മഷ്ഹദിലെ മതപരമായി അറിയപ്പെടുന്ന, ഒരു വ്യാപാരി കുടുംബത്തിലാണ് മൻസൂറ ജനിച്ചത്. അവരുടെ പിതാവ്, മുഹമ്മദ് ഇസ്മയിൽ ഖോജസ്തേ ബാഗേർസദെ, നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു. മൻസൂറ പൊതുവേദിയിൽ വരുന്നത് വളരെ വിരളമായിരുന്നു. അതുപോലെ, ഔദ്യോഗിക ചടങ്ങുകളിലും മറ്റും സംസാരിക്കുന്നതും വിരളമായിരുന്നു. അവരുടെ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുമുള്ളൂ. ഇതെല്ലാം കാരണം മൻസൂറയെ ഇറാനിയൻ നേതൃത്വത്തിലെ "അദൃശ്യ വനിത" (Invisible woman of Iran) എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ഇറാനിയൻ വിപ്ലവത്തിൻ്റെ സമയത്ത് ആയത്തുല്ല അലി ഖമനേയിയെ ഷായുടെ ഭരണകൂടം പലതവണ തടവിലാക്കിയിരുന്നു. അക്കാലത്ത് മൻസൂറ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ നിശബ്ദമായി പിന്തുണച്ചിരുന്നുവെന്ന് റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. അദ്ദേഹം തടവിലും രാഷ്ട്രീയ സമ്മർദ്ദത്തിലും ആയിരിക്കുമ്പോൾ വീട്ടുകാര്യങ്ങളെല്ലാം മൻസൂറ കൈകാര്യം ചെയ്തുവെന്നും ചില രേഖകളിൽ പറയുന്നു. അതേസമയം, സന്ദേശങ്ങൾ കൈമാറാനും സഹപ്രവർത്തകരുമായി ബന്ധം നിലനിർത്താനും ഭർത്താവിനെ അവർ സഹായിച്ചതായും ചില വിവരണങ്ങൾ അവകാശപ്പെടുന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നും അവർ വഹിച്ചിരുന്നില്ല ആയത്തുല്ല അലി ഖമനേയിക്കും മൻസൂറയ്ക്കും ആറ് കുട്ടികളാണ്. നാല് ആൺമക്കളും രണ്ട് പെൺമക്കളും.