കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും തടവുകാർക്കായി മത്സ്യവിഭവം വിളമ്പുന്നതിനുള്ള മത്സ്യം ഇനി മത്സ്യഫെഡ് നേരിട്ട് എത്തിക്കും. ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ 57 ജയിലുകളിലേക്കാണ് മത്സ്യം വിതരണം ചെയ്യാൻ തീരുമാനമായത്.
തടവുകാർക്കുള്ള ഭക്ഷണമെനുവിൽ ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം നൽകുന്നതിനായുള്ള മത്സ്യമാണ് എത്തിക്കുക. ഇതിനായി 25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയിൽ വകുപ്പിന് നൽകിയിരുന്നുവെങ്കിലും മത്തി, അയല, ചൂര എന്നിവയാണ് അംഗീകരിച്ചത്.
ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിലാണ് മത്സ്യം വിതരണം ചെയ്യുന്നതിനുള്ള ധാരണയായത്. ഹാർബറിൽ നിന്ന് നേരിട്ട് ജയിലുകളിലേക്ക് മത്സ്യം എത്തിക്കുന്നതിനാൽ ലഭ്യതക്കുറവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
വിതരണത്തിനായി ശീതീകരണ സൗകര്യമുള്ള എട്ട് വാഹനങ്ങൾ മത്സ്യഫെഡ് അടുത്തിടെ സ്വന്തമാക്കിയിട്ടുണ്ട്. ഈ വാഹനങ്ങളിലൂടെയാണ് 57 ജയിലുകളിലേക്കും മത്സ്യം എത്തിക്കുക.
ആഴ്ചയിൽ രണ്ട് ദിവസം വിളമ്പുന്നതിനുള്ള മത്സ്യം കറിക്കഷണങ്ങളാക്കി ജയിലുകളിലേക്ക് നൽകും. തടവുകാർക്കുള്ള മത്സ്യത്തിന് പുറമെ ജയിൽ കൗണ്ടറുകളിലേക്ക് മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് ഇവ കൗണ്ടറിലൂടെ വാങ്ങാനാകും.
ജയിലുകളിലേക്ക് സ്ഥിരമായി മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് എം.ഡി ഡോ. പി സഹദേവൻ പറഞ്ഞു....
