ധോണിക്ക് പരിക്ക്.,കോട്ട കാക്കാൻ സഞ്ജു തന്നെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) തിരിച്ചടിയായി നായകന്‍ എം.എസ്. ധോണിയുടെ പരിക്ക്. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങള്‍ ധോണിക്ക് നഷ്ടമാകും. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫ്രാഞ്ചൈസി തന്നെയാണ് ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചത്.

'എം.എസ്. ധോണി നിലവില്‍ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലാണ്. ഐപിഎല്‍ 2026-ന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, തല,' എന്ന് സി.എസ്.കെ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. തിങ്കളാഴ്ച ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. സ്വന്തം തട്ടകത്തില്‍ പ്രിയതാരമില്ലാതെ ഇറങ്ങേണ്ടി വരുന്നത് ചെന്നൈ ആരാധകരെ വലിയ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

ധോണിയുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പിംഗ് ചുമതല മലയാളി താരം സഞ്ജു സാംസണ്‍ ഏറ്റെടുക്കും. ധോണിയുടെ പിന്‍ഗാമിയായി ടീം മാനേജ്മെന്റ് കാണുന്ന സഞ്ജുവിന്, തന്റെ മികവ് തെളിയിക്കാനുള്ള വലിയൊരു അവസരമാണിത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ലേലത്തിന് മുന്നോടിയായി വലിയൊരു 'ട്രേഡിലൂടെയാണ്' സഞ്ജു ചെന്നൈയിലെത്തിയത്. 

സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയാണ് സി.എസ്.കെ സഞ്ജുവിനെ സ്വന്തമാക്കിയത്. ധോണിയുടെ തന്ത്രങ്ങളില്ലാതെ ഇറങ്ങുന്ന ചെന്നൈയെ സഞ്ജു സാംസണ്‍ എങ്ങനെ നയിക്കുമെന്നും വിക്കറ്റിന് പിന്നില്‍ എങ്ങനെ തിളങ്ങുമെന്നുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

#SanjuSamson #chennaisuperkings #sportsnews #ipl2026 #msdhoni