വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു

ഫ്രാൻസ് സ്വദേശിനി ക്രിസ്റ്റിൻ എമിലിയയാണ് മരണപ്പെട്ടത്.


രണ്ടുദിവസങ്ങൾക്കു മുമ്പ് വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.  

വർക്കല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെജിറ്റേറിയൻ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചതിനുശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ക്രിസ്റ്റിൻ എമിലിയയെ മോട്ടോർ ബൈക്ക് ഇടിച്ചത്. 

നിർത്താതെ പോയ മോട്ടോർ ബൈക്കിനായി വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് യാത്രക്കാരനെ പോലീസ് കണ്ടെത്തിയത്. 
വർക്കല നടക്കാവ് മുക്ക് സ്വദേശി ആയുഷ് ആണ് ബൈക്കോടിച്ചിരുന്നത്.

പരിക്കേറ്റ വിദേശ വനിതയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോട് കൂടിയായിരുന്നു മരണം സ്ഥിരീകരിച്ചത്.