സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നതിനിടെ കോഴിക്കോട് ജില്ലയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നതിനിടെ കോഴിക്കോട് ജില്ലയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലെയും ചികിത്സാ സേവനങ്ങൾ ഗൗരവമായി ബാധിച്ചതായി റിപ്പോർട്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നഴ്‌സുമാർ സമരം തുടരുകയാണ്. ഏകദേശം നാൽപതോളം സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള അഞ്ഞൂറോളം നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരം ശക്തമായി തുടരുകയാണെന്നാണ് സംഘടനയുടെ നിലപാട്.

സമരം ആരംഭിച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിനായി സർക്കാരോ ആശുപത്രി മാനേജ്മെന്റുകളോ യാതൊരു ചർച്ചക്കും മുന്നോട്ട് വന്നിട്ടില്ലെന്ന് നഴ്‌സുമാർ ആരോപിച്ചു. ഇതോടെ ജില്ലയിലെ പല ആശുപത്രികളിലും ചികിത്സാ പ്രവർത്തനങ്ങൾ താറുമാറായി.
രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കളക്ടറുടെ അനുമതി തേടിയിട്ടുണ്ട്.

അതേസമയം സമരം അനാവശ്യമാണെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ പ്രതികരണം. ഇതിനിടെ കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിൽ സമരത്തിൽ പങ്കെടുക്കുന്ന നഴ്‌സുമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് നഴ്‌സുമാർ.

#kozhikkode #kerala #strike #nurse #hospital