ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കുന്നതിനാണ് സുപ്രീംകോടതി അനുമതി നൽകിയത്. വൃദ്ധരായ മാതാപിതാക്കളുടെ ഹർജിയിലാണ് അനുമതി. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും കോടതി പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നൽകി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
2013ലാണ് ഹരീഷ് റാണെ എന്ന വിദ്യാർത്ഥിയ്ക്ക് അപകടം സംഭവിക്കുന്നത്. ഛണ്ഡീഗഢിലെ കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണെയ്ക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. അനങ്ങാൻ കഴിയാത്ത രീതിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ഇക്കാലമത്രയും കഴിഞ്ഞിരുന്നത്.
2018ലാണ് രാജ്യത്ത് ദയാവധം നിയമപരമാക്കിയിട്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നത്. റാണെയുടെ മാതാപിതാക്കളുടെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ഹരീഷ് റാണെ തിരിച്ചുവരാൻ സാധ്യതയില്ലെന്ന് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ നിർദേശത്തെ തുടർന്ന് തീരുമാനത്തിലെത്തുകയായിരുന്നു.
