ശരീരത്തിനകത്ത് നിശബ്ദ കൊലയാളിയോ.? കാർഡിയാ കറക്റ്റ് ആർക്കൊക്കെ സംഭവിക്കാം..?

നമ്മുടെ പരിചയത്തില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബുദ്ധിമുട്ടും തോന്നാത്ത മനുഷ്യര് പെട്ടെന്ന് കുഴഞ്ഞ് വീണുമരിച്ചുപോയ അനേകം സംഭവങ്ങള്‍ ഇല്ലേ? എന്തായിരിക്കും അതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? ദിവസേന വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരും ചിട്ടയായ ജീവിതരീതിയിലൂടെ ജീവിതം നയിക്കുന്നവരുമായിരിക്കും ഒരുപക്ഷേ ഇത്തരം ദുര്‍അനുഭവങ്ങളിലൂടെ കടന്നുപോയതും. എന്താണ്. ഇതിന് കാരണമെന്ന് നോക്കാം.

നെഞ്ചുവേദനയോ വ്യക്തമായ ലക്ഷണങ്ങളോ ഇല്ലാതെ ഹൃദയപേശികള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ സംഭവിക്കുന്ന ഹ്യദയാഘാതമാണ് അത്തരമാളുകള്‍ക്ക് സംഭവിച്ചിട്ടുണ്ടാവുക. നേരത്തെ തന്നെ ശരീരം ചെറിയരീതിയിലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിട്ടുണ്ടാവും. എന്നാല്‍ ഏതൊരു സാധാരണക്കാരന്‍ വിശ്വസിക്കുന്നത് പോലെ അത്തരം അസ്വസ്ഥതകള്‍ പലപ്പോഴും ഗ്യാസ്, അസിഡിറ്റി, അല്ലെങ്കില്‍ ചെറിയ ക്ഷീണം എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.

ഹൃദയത്തിന്റെ പ്രവര്‍ത്തനം ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ നിലച്ച് പോവുക, അല്ലെങ്കില്‍ പ്രവര്‍ത്തനക്ഷമത അപ്രതീക്ഷിതമായി കുറഞ്ഞ് പോവുക എന്നിവയാണ് ഇത്തരം സാഹചര്യത്തില്‍ പ്രധാനമായും സംഭവിക്കുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ ഹാര്‍ട്ട് അറ്റാക്കും, കാര്‍ഡിയാക് അറസ്റ്റുമാണ്. അതായത് ഹൃദയാഘാതവും ഹൃദയ സ്തംഭനവും എന്ന് സാരം. സാധാരണക്കാരെ സംബന്ധിച്ച് ഇവരണ്ടും തമ്മിലുള്ള വ്യത്യാസം അറിയാനുള്ള സാധ്യത കുറവാണ്. വ്യക്തമായ വേര്‍തിരിവുകളുള്ള രോഗാ വസ്ഥകളാണ് ഇവ രണ്ടും.

ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ എന്ന നിലയിലുള്ള സമാനതകള്‍ക്കിടയിലും അസുഖത്തിന്റെ തീവ്രതയിലും, തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാഘാതത്തെയും ഹൃദയസ്തംഭനത്തെയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് ഏതൊരു വ്യക്തിക്കും സ്വന്തം ജീവന്‍ രക്ഷിക്കാനോ മറ്റൊരു ജീവന് സംരക്ഷിക്കാനോ സഹായകരമാകും.

ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം)
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം) തന്നെയാ ണ്.ഹൃദയത്തിലേക്ക് ആവശ്യമായരക്തം എത്തിച്ച് നല്‍കുന്ന കൊറോണ റിആര്‍ട്ടറികളില്‍ തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയത്തിലേക്ക് രക്തം എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതുമാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ പുകവലി, വ്യായാമക്കുറവ് മുതലായവയെല്ലാം ഇതിന് വഴിയൊരുക്കും. ഹൃദയാഘാതം സംഭവിച്ചവര്‍ എല്ലാവരും പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നില്ല. തടസ്സത്തിന്റെ അളവ് വര്‍ദ്ധിച്ച് കൂടുതലാകുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങുകയുള്ളൂ. കിതപ്പ്, നെഞ്ചിന്റെ മധ്യഭാഗത്തായി വേദന, ഭാരം അമര്‍ത്തുന്ന പോലെ തോന്നുക, കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന, വിയര്‍പ്പ് മുതലായ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടും സ്വാഭാവികമായും ചികിത്സ തേടുവാനും അസുഖമുക്തി നേടുവാനുമുള്ള സമയം നമുക്ക് ലഭിക്കും. എന്നാല്‍ അപൂര്‍വ്വമായി ചിലരില്‍ ലക്ഷണങ്ങള്‍ കാണപ്പെടാതെ ഹൃദയാഘാതം സംഭവിക്കാം. പ്രമേഹമുള്ളവരിലോ, അല്ലെങ്കില്‍ രക്തക്കുഴലുകളില്‍ പെട്ടെന്ന് പൂര്‍ണ്ണമായ തടസ്സം നേരിടുന്നവരിലോ ആണ് ഇത്
സംഭവിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)
ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്മാരല്ല. ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസ്സപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയം നിലച്ച് പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. അതായത് ഹാര്‍ട്ട് അറ്റാക്കിനേക്കാള്‍ ഗുരുതരായ രോഗമാണ് കാര്‍ഡിയാക് അറസ്റ്റ് എന്ന് പറയാം. ഹൃദയത്തിന്റെ സങ്കോച വികാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാക്കപ്പെടുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ജന്മലാലുള്ള ഹൃദ്രോഗങ്ങള്‍, ജനിതകപരമായ തകരാറുകള്‍ മുതലായവയാണ് കാര്‍ഡിയാക് അറസ്റ്റിന് കാരണമാകുന്നത്. ഹൃദയത്തിന്റെതാളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടാണ്. മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലം ഈ സര്‍ക്യൂട്ട് നിലയ്ക്കുകയോ ഇതില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാവുകയും രോഗി മരണാസന്നനാവുകയും ചെയ്യും. കായിക മത്സരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് മരിക്കുന്നതും, ഡാന്‍സ് ചെയ്യുമ്പോള്‍ സ്റ്റേജില്‍ കുഴഞ്ഞ് വീണു മരിച്ചതും മറ്റും ഇതിന് ഉദാഹരണമാണ്.

ഹൃദയപേശികള്‍ക്ക് സ്വാഭാവികമായ ബലക്കുറവുണ്ടാവുകയും കായിക പ്രകടനങ്ങളിലൂടെയും മറ്റും അമിതമായ പ്രവര്‍ത്തന ഭാരം ഹൃദയത്തിന് ലഭി ക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് ഹ്യദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യും. നിലവില്‍ ഹൃദയത്തിന് തകരാറുകള്‍ ഉള്ളത് അറിയാതെ പോകുന്നതാണ് ശരീരം ഫിറ്റ് ആയവരെ-ഇതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് ആര്‍ക്കൊക്കെ സംഭവിക്കാം.?

നേരത്തെ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. പുകവലി, ക്താതിസമ്മര്‍ദ്ദം, ഹൃദയസ്തംഭനത്തിന്റെയോ ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളുടെയോ കുടുംബപരമായ ചരിത്രമുള്ളവര്‍, ഹൃദയത്തിന് മറ്റ് തരത്തിലുള്ള തകരാറുകളുള്ളവര്‍,

അമിത ഭാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ചില മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നവര്‍ മുതലായവര്‍ക്കും കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. എനിക്ക് കുറഞ്ഞ പ്രായമാണ് അതുകൊണ്ട് നിലവില്‍ ഭയപ്പെടാനൊന്നുമില്ല എന്ന നിലപാടെടുക്കുന്നത് തെറ്റാണ്. ആധുനിക ജീവിതശൈലിയില്‍ ഏതൊ രാളും കൃത്യമായ ഇടവേളകളില്‍ സ്വന്തം ആരോഗ്യപരിശോധനകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം. നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഡോക്ടറെ സ ന്ദര്‍ശിക്കുകയും ജീവിതശൈലികളില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുകയും, നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്യുക. എ പ്പോഴും പറയുന്ന വാചകം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയാണ്. അനാരോഗ്യകരമായ ജീവിത രീതികള്‍ നയിക്കുന്നതിന് പകരം ആരോഗ്യപൂര്‍ണമായ നടപടികള്‍ സ്വീകരിച്ച് നമ്മുടെ ഹൃദയാരോഗ്യത്തെ പരിപാലിക്കുകയാണ് ചെയ്യേണ്ടത്. ചെറുപ്പം മുതലേ ഹൃദയാരോഗ്യത്തിന് മുന്‍തൂക്കം നല്‍കി ജീവിച്ചാല്‍ ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയും.

#healthnews #cardiacarrest #healthtips