*നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധിക ആത്മഹത്യക്ക് ശ്രമിച്ചു*

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യ ശ്രമം. വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ​ഗുരുതരമായി പൊളളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ വീടിന് പിന്നിൽ ചിതയൊരുക്കി തീകൊളുത്തിയ ഇവർ അതിനുള്ളിലേക്ക് കയറിക്കിടക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തീയാളുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.