മാധ്യമപ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മാധ്യമപ്രവർത്തകനെതിരെ വർഗീയാധിക്ഷേപം നടത്തിയ സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടപടി. വെള്ളാപ്പള്ളിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽക്കിഫിൽ നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

മാസങ്ങൾക്കുമുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടി വരുന്നത്. മലപ്പുറം ജില്ലയെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശത്തിൽ വിശദീകരണം നൽകുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകനെതിരെ തിരിഞ്ഞത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ 'തീവ്രവാദി' ആണെന്നും ഈരാറ്റുപേട്ട സ്വദേശിയായ ഇയാൾ മുസ്ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

ഈ പരാമർശം മാധ്യമപ്രവർത്തകന്റെ വ്യക്തിസ്വാതന്ത്ര്യത്തെയും തൊഴിൽ ചെയ്യാനുള്ള അവകാശത്തെയും ഹനിക്കുന്നതാണെന്ന് കാണിച്ച് ജനുവരി മൂന്നിനാണ് ദുൽക്കിഫിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത വിവരം കഴിഞ്ഞ ദിവസമാണ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചത്. ...