എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകള്‍ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ കൃത്യമായി എത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.
രാജ്യത്ത് ഗ്രാമമേഖലകളില്‍ എല്‍പിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.
അതേസമയം യുഎസ്, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയില്‍ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിര്‍മ്മാണ ചെലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.
