കാലടി മഞ്ഞപ്രയില്‍ നടുക്കുന്ന സംഭവം. മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മഞ്ഞപ്ര സ്വദേശിയായ കിലുക്കൻ ജോസ് മരിച്ചു.പോളി എന്നയാളാണ് ജോസിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു..
കോടായി പാലത്തിനടുത്ത് ഇന്ന് നടന്ന സംഭവത്തിൽ, പാലത്തിന് സമീപമുള്ള തോട്ടിൽ കുളിക്കാൻ ഇറങ്ങിയിരുന്ന സമയത്താണ് ജോസിന് നേരെ വെടിയുതിർന്നത്. അപ്രതീക്ഷിതമായ വെടിയിൽ ജോസ് സംഭവസ്ഥലത്ത് തന്നെ വീണുമരിച്ചു.
പ്രതി പോളി പട്ടാളത്തിൽ നിന്ന് വിരമിച്ച മുൻ സൈനികനാണ്. സംഭവം നടന്നതിന് പിന്നാലെ ഇയാൾ നേരിട്ട് അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
എട്ട് വർഷം മുമ്പ് പോളിയുടെ പിതാവിനെ വിറകുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട ജോസ്. എന്നാൽ ആ കേസിൽ കോടതി ജോസിനെ വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ പോളിയുടെ കുടുംബം അപ്പീൽ നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല.
