കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന് ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. പരിപാടി ബഹിഷ്‌കരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണന്‍കുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്‍ വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചു.
ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിന്റെ ബഹിഷ്‌കരണമെന്നാണ് സൂചന.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെ പണം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തില്‍ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് പകരം മറ്റൊരു സര്‍ക്കാരായിരുന്നെങ്കില്‍ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു. അതേസമയം, ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ലാത്തത് രാഷ്ട്രീയ വിഷയമാക്കാനാണ് സിപിഎം തീരുമാനം. ക്രെഡിറ്റ് ഒറ്റക്ക് എടുക്കാനാണ് ബിജെപി ശ്രമമെന്നും വികസന പദ്ധതി രാഷ്ട്രീയ പരിപാടിയാക്കിയെന്നും സിപിഎം വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്....
