എറണാകുളം ജംങ്ഷന്‍ സൗത്ത് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണം ഈ മാസം 26 വരെ 6 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

എറണാകുളം ജംങ്ഷന്‍ സൗത്ത് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണത്തിന്റെ ഭാഗമായി ആറ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. 
26വരെയാണ് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടാം പ്ലാറ്റ്ഫോമിലാണ് ചൊവ്വാഴ്ച നിര്‍മാണം തുടങ്ങിയത്. രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടാറുള്ള കണ്ണൂര്‍ ഇന്റര്‍സിറ്റി (16305) ഇനി ഈ മാസം 26 വരെ 6.22ന് ആലുവയില്‍നിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ് (16304) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

എറണാകുളം- പാലക്കാട് മെമു(66610) എറണാകുളം ജംങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട ട്രെയിന്‍ 26വരെ ആലുവയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. ഈ ദിവസങ്ങളില്‍ എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ ട്രെയിന്‍ സര്‍വീസ് നടത്തില്ല.

അതേസമയം ഗുരുവായൂരില്‍നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (56317) ട്രെയിന്‍ ഇടപ്പള്ളിയില്‍ ഓട്ടം അവസാനിപ്പിക്കും. കൊല്ലം ജംങ്ഷനില്‍നിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലാമ് യാത്ര അവസാനിപ്പിക്കുക. എംജിആര്‍ ചെന്നൈ- ആലപ്പുഴ ഡെയ്ലി എക്സ്പ്രസ്(22639)ട്രെയിന്‍ 25ാം തീയതി വരെ അര മണിക്കൂര്‍ വൈകിയോടും.
#TrainUpdate #kerala #ernakulam #railway