ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഡ്രൈവിംഗ് സ്കൂളിന്റെ സഹായം ആവശ്യമില്ല,

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ 
ഡ്രൈവിംഗ് സ്കൂളിന്റെ സഹായം ആവശ്യമില്ല,
ഡ്രൈവിംഗ് അറിയുകയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതിരിക്കുകയും
ആയ ആളുകൾക്ക് വളരെ ഉപകാരപ്പെട്ട ഒരു ഉത്തരവാണ് സർക്കാരിന്റെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച ഉത്തരവ്.
ഉയർന്ന ഫീസും, തൊഴിൽ സമയ പരമായ സൗകര്യക്കുറവും അടക്കം 
പല കാരണങ്ങളാൽ ഡ്രൈവിംഗ് സ്കൂളിൽ പോകാൻ സാധിക്കാത്ത ആളുകൾക്ക് ഇത് വലിയ അവസരമാണ് സൃഷ്ടിക്കുന്നത്.
 
ഡ്രൈവിങ് പഠിക്കാനും ലൈസന്‍സ് എടുക്കാനും ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. ഡ്രൈവിംഗ് അറിയുന്ന ആളുകൾക്ക് നേരിട്ടും അല്ലാത്ത ആളുകൾക്ക് സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ടുള്ള ടെസ്റ്റിംഗ്  വ്യവസ്ഥകള്‍ പുതുക്കിയ  ഉത്തരവ് ഇറക്കിറക്കിയിരിക്കുകയാണ് സർക്കാർ. 
സ്വന്തമായി വാഹനം ഇല്ലാത്ത ആളുകൾക്ക് അനുമതി പത്രത്തോടെ മറ്റൊരാളുടെ വാഹനം ഉപയോഗിച്ചും ടെസ്റ്റ് പാസ്സാവാം.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ ഡ്രൈവിംഗ് സ്‌കൂളുകാരും ജീവനക്കാരും പ്രധാന സംഘടനകളും  എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവിലാണ് സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ : - 

ഡ്രൈവിംഗ് സ്കൂളുകളുടെ  സഹായമില്ലാതെ സ്വയം ആർക്കും  ഓൺലൈനായി ലേണേഴ്സ് ലൈസൻസിനും ശേഷം പെർമനന്റ് ലൈസൻസിനും അപേക്ഷിക്കാം. സർക്കാർ സംവിധാനമായ   Parivahan portal വഴി ആധാർ അധിഷ്ഠിത സേവനങ്ങൾ ഉപയോഗിച്ച് ലേണേഴ്സ് ടെസ്റ്റ് സൗകര്യപ്രദമായ തീയതി തിരഞ്ഞെടുത്ത്  വീട്ടിലിരുന്ന് എഴുതാം. തുടർന്ന്, സ്വന്തം വാഹനം ഉപയോഗിച്ചോ,  അനുമതി പത്രത്തോടെ മറ്റൊരാളുടെ വാഹനം ഉപയോഗിച്ചോ ടെസ്റ്റ് ദിവസം ഹാജരായി. ഡ്രൈവിംഗ് ടെസ്റ്റ് പാസായി  ആർടിഓയിൽ (RTO) ലൈസൻസ് സ്വന്തമാക്കാം. 

ലൈസൻസ് സ്വന്തമായി എടുക്കുന്നതിനുള്ള ഘട്ടങ്ങൾ:- 

1. ലേണേഴ്സ് ലൈസൻസ് (Learner's License - LL)
Parivahan website സന്ദർശിച്ച് 'Apply for Learner License' തിരഞ്ഞെടുത്തതിന് ശേഷം ആധാർ കാർഡ് ഉപയോഗിച്ച് അപേക്ഷ പൂർത്തിയാക്കുക. ശരിയായി പരീക്ഷ എഴുതി ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് (LL Test) പാസാവുക. LL ലഭിച്ചുകഴിഞ്ഞാൽ, 30 ദിവസത്തിന് ശേഷം പെർമനന്റ് ലൈസൻസിന് അപേക്ഷിക്കാം.

2. പെർമനന്റ് ലൈസൻസിന് അപേക്ഷിക്കൽ (Permanent License):-
Parivahan-ൽ 'Apply for Driving License' തിരഞ്ഞെടുക്കുക.
ലേണേഴ്സ് ലൈസൻസ് നമ്പറും ആധാർ വിവരങ്ങളും നൽകുക.
ഫീസ് ഓൺലൈനായി അടച്ച് ടെസ്റ്റ് സ്ലോട്ട് അഥവാ തീയതി  ബുക്ക് ചെയ്യുക.

ബുക്ക് ചെയ്ത തീയതിയിൽ RTO ഓഫീസിൽ സ്വന്തം വാഹനം (ടൂ വീലർ ആണെങ്കിൽ ടൂ വീലർ, കാർ ആണെങ്കിൽ കാർ) സഹിതം എത്തുക.
അവശ്യ രേഖകളായ വാഹനത്തിൻ്റെ ആർസി (RC), ഇൻഷുറൻസ്, ലേണേഴ്സ് ലൈസൻസ്, ആധാർ കാർഡ് എന്നിവ കൈവശം കരുതുക.
ടെസ്റ്റ് പാസായാൽ ലൈസൻസ് വീട്ടിലേക്ക് പോസ്റ്റ് വഴി എത്തും. 
ശ്രദ്ധിക്കുക: സ്വന്തം വാഹനം കൊണ്ടുപോകുമ്പോൾ എൽ (L) ബോർഡ് പ്രദർശിപ്പിക്കേണ്ടതും കൂടെ പെർമനന്റ് ലൈസൻസുള്ള ഒരാൾ ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്. 

മുൻപത്തെ പോലെ ഫീസും കൊടുത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ സമയക്രമവും സൗകര്യവും അനുസരിച്ച് ഡ്രൈവിംഗ് പഠിച്ച്  ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന കടമ്പ മാറികിട്ടിയത് വളരെ ഉപകാരപ്രദവും സന്തോഷകരവുമായ ഒരു നടപടിയാണ് എന്നത് വാസ്തവമാണ്…