വർക്കലയിൽ മോഷണം പോയ ബൈക്കും പ്രതികളെയും സിനിമാ മോഡലിൽ പിടികൂടി ഉടമയും സുഹൃത്തുക്കളും

വർക്കല: വർക്കലയിൽ നിന്നും മോഷണം പോയ ബൈക്കും പ്രതികളെയും സാഹസികമായി പിടികൂടി ബൈക്കുടമയും സുഹൃത്തുക്കളും. വർക്കല കിളിതട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ശ്രീനിവാസപുരം സ്വദേശി അമൽ സജീവിന്റെ ബൈക്കാണ് മോഷണം പോയത്. സംഭവത്തിൽ ഇടുക്കി തോപ്രാംകുടി സ്വദേശി രാഹുൽ (20), വർക്കല പാളയംകുന്ന് വാടകയ്ക്ക് താമസിക്കുന്ന ജയേഷ് (വിഷ്ണു-18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
​മോഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം അമൽ വർക്കല പോലീസിൽ പരാതി നൽകിയെങ്കിലും സ്വന്തം നിലയിലും അന്വേഷണം തുടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് വിചിത്രമായ രീതിയിൽ നിറം മാറ്റിയ നിലയിൽ ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്.
​പിടിക്കപ്പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മാറ്റുകയും സീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്പ്രേ പെയിന്റ് അടിച്ചുമാണ് പ്രതികൾ ബൈക്ക് ഓടിച്ചിരുന്നത്. സംശയം തോന്നി ബൈക്ക് തടഞ്ഞതോടെ ഉടമ അമൽ വാഹനം തിരിച്ചറിയുകയായിരുന്നു. ഇതിനിടെ പ്രതികളിലൊരാളായ ജയേഷ് ഓടി രക്ഷപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ചിരുന്ന രാഹുലിനെ അമലും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പോലീസിന് കൈമാറി. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഒളിവിൽ പോയ ജയേഷിനെ പിടികൂടിയത്.