ലഹരിവസ്തുക്കളുമായി മലയാളി നടി അടക്കം എട്ട് പേര്‍ ചെന്നൈ പോലീസിന്റെ പിടിയില്‍

ചെന്നൈ രാസലഹരിയുമായി മലയാളിയായ യുവനടി ഉള്‍പ്പെടെ എട്ട് പേര്‍ ചെന്നൈയില്‍ പിടിയിലായി. സിനിമ, സീരിയല്‍ നടിയായ അഞ്ജു കൃഷ്ണ, തമിഴ്‌സിനിമ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു

അഞ്ജു കൃഷ്ണ (30), വിന്‍സി നിവേദ (26), കാര്‍ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്‍വിബിന്‍ഷ (27), വെങ്കിടേഷ് കുമാര്‍ (31) എന്നിരാണ് പിടിയിലായത്. 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്‍എസ്ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.

നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരന്‍ എന്നയാളെ പിടികൂടിയതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് അന്വേഷണ സംഘം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്തിയത്. ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകായായിരുന്നു. ലഹരിമരുന്ന് കൈമാറാന്‍ വത്സരവാക്കത്ത് കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.