നിങ്ങളുടെ ഫോണിലെ സിം കാർഡ് ഊരി മാറ്റിയാലും വൈഫൈ ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാമെന്ന കാലം കഴിയുന്നു. ഇനി മുതൽ ഫോണിൽ ആക്ടീവായ സിം ഉണ്ടെങ്കിൽ മാത്രമേ വാട്സ്ആപ്പും ടെലിഗ്രാമും ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ പ്രവർത്തിക്കൂ എന്ന പുതിയ നിയമം വരികയാണ്.
എന്താണ് സിം ബൈൻഡിങ് (SIM Binding)?
കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരമാണിത്. സിം ഇല്ലാത്ത ഫോണുകളിൽ വൈഫൈ വഴി ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നത് തടയാൻ ഇത് സഹായിക്കും. നിലവിൽ ഗൂഗിൾ പേ (GPay), ഫോൺപേ (PhonePe) തുടങ്ങിയ ബാങ്കിങ് ആപ്പുകളിൽ ഈ സുരക്ഷാ സംവിധാനം ഉണ്ടെങ്കിലും ഇനി മുതൽ വാട്സ്ആപ്പിനും ഇത് ബാധകമാകും.
മാറ്റങ്ങൾ ഇങ്ങനെ
സിം ഇല്ലെങ്കിൽ വർക്ക് ചെയ്യില്ല: ഫോണിൽ നിന്ന് സിം മാറ്റിയാൽ ഉടൻ വാട്സ്ആപ്പ് സേവനം നിലയ്ക്കും.
വാട്സ്ആപ്പ് വെബ്ബിനും നിയന്ത്രണം: കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ആറ് മണിക്കൂർ കൂടുമ്പോൾ വീണ്ടും ക്യുആർ കോഡ് സ്കാൻ ചെയ്ത് ലോഗിൻ ചെയ്യേണ്ടി വരും.
വിദേശയാത്ര നടത്തുന്നവർ ശ്രദ്ധിക്കുക, വിദേശത്ത് പോയി അവിടുത്തെ താൽക്കാലിക സിം ഉപയോഗിക്കുന്നവർക്ക് പഴയ ഇന്ത്യൻ നമ്പറിലുള്ള വാട്സ്ആപ്പ് ഉപയോഗിക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
നടപ്പിലാക്കുന്നത്: ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ കമ്പനികൾക്ക് നൽകിയ സമയം ഈ ശനിയാഴ്ച അവസാനിക്കുകയാണ്. സമയം നീട്ടി നൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു.
ഫോൺ നഷ്ടപ്പെട്ടാലോ അല്ലെങ്കിൽ മറ്റാരെങ്കിലും നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ദുരുപയോഗം ചെയ്താലോ വേഗത്തിൽ കണ്ടെത്താൻ ഈ പുതിയ സംവിധാനം ഉപകരിക്കും. മാറിയ ഈ നിയമങ്ങളെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം പങ്കുവെക്കൂ!
