തൃപ്പൂണിത്തുറ: നടൻ ടിനി ടോമിന്റെ മകനെതിരെ കഞ്ചാവ് കേസ്. ആദം ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹിൽപാലസ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാലുഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും പിടികൂടിയത്.വ്യാഴാഴ്ച രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പൊലീസ് പിടികൂടിയത്.
രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്.പൊലീസ് ഇവരുടെ ദേഹപരിശോധന നടത്തി. അതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലുള്ള കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
