മലയോര നിവാസികളുടെ റെയിൽവേ സ്വപ്നം യാഥാർഥ്യത്തിലേക്ക്. നിർദിഷ്ട അങ്കമാലി- – എരുമേലി ശബരി പാത കിളിമാനൂർ വെഞ്ഞാറമൂട് നെടുമങ്ങാടുവഴി തിരുവനന്തപുരത്തേക്കു നീട്ടാൻ ശുപാർശ. സാധ്യതാപഠനത്തിന് സംസ്ഥാന സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചു. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് ശുപാർശ നൽകിയത്. മന്ത്രി ജി ആർ അനിലിന്റെയും മറ്റ് നേതാക്കളുടെയും നിരന്തര ഇടപെടലാണ് പദ്ധതിക്ക് വഴിയൊരുക്കിയത്. എരുമേലിയിൽനിന്ന് നെടുമങ്ങാട് – കാട്ടാക്കട – ബാലരാമപുരം വഴി തിരുവനന്തപുരത്തേക്കാണ് പാതയുടെ പുതുക്കിയ റൂട്ട്. 160 കിലോമീറ്ററാണ് ദൂരം. എരുമേലി, അത്തിക്കയം, പെരിനാട്, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം എന്നിങ്ങനെ പതിമൂന്ന് സ്റ്റേഷനുകൾ ഉൾപ്പെടും. പാത തിരുവനന്തപുരവുമായി ബന്ധിപ്പിക്കാൻ 2013ൽ തീരുമാനമായെങ്കിലും നഷ്ടത്തിലാകുമെന്ന നിർദേശത്തിൽ തീരുമാനം പിന്നീട് മരവിപ്പിച്ചു. വിഴിഞ്ഞം പദ്ധതിയുടെ വികാസവും അരലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ റെയിൽവേ എത്തിക്കണമെന്ന അധികൃതരുടെ നിർദേശവുമാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. . വിഴിഞ്ഞം പദ്ധതിയുമായി പാത ബന്ധിപ്പിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങളെ സംബന്ധിച്ച് റെയിൽവേ അധികൃതർക്കും സംസ്ഥാന സർക്കാരിനും വിവരങ്ങൾ കൈമാറി. ഇവ പരിശോധിച്ചാണ് തുടർനടപടി."