അഫാന്റെ പ്രവൃത്തി കാരണം കുടുംബം ഒറ്റപ്പെട്ടു റഹീം

വെഞ്ഞാറമൂട്: കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ബന്ധുക്കൾ പൂർണമായും അവഗണിച്ചെന്നും അഫാന്റെ പിതാവ് അബ്ദുൾ റഹീം. നാട്ടുകാരും ജമാഅത്തുമാണ് ആകെ ആശ്രയമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കടയ്‌ക്കൽ ചിതറയിൽ പച്ചക്കറിക്കട നടത്തിയാണ് ഇപ്പോൾ ജീവിക്കുന്നത്. കടയിൽത്തന്നെ ഒരു ഭാഗത്ത് ഭാര്യയ്‌ക്കൊപ്പം കഴിയുന്നു. അദ്ധ്വാനിച്ച് പണിത വെഞ്ഞാറമൂട്ടിലെ വീടിന്റെ ബാദ്ധ്യത കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും അവിടെ പോയി ഒറ്റയ്‌ക്കിരുന്ന് കരയും. മകനും ഭാര്യയും 50 ലക്ഷം രൂപയുടെ കടമാണ് വരുത്തിവച്ചത്. എന്തിനുവേണ്ടി ഈ പണം വാങ്ങിയെന്ന് ഇന്നും പറഞ്ഞിട്ടില്ല. സംഭവദിവസം രണ്ടു ലക്ഷം രൂപ കടക്കാർക്ക് നൽകേണ്ട അവസ്ഥയിലായിരുന്നു. പല ബന്ധുക്കളെ കണ്ടു ചോദിച്ചെങ്കിലും അവർ ആട്ടിയോടിച്ചു. അങ്ങനെയാണ് കൂട്ടക്കൊലയിലേക്ക് തിരിഞ്ഞതെന്നും അബ്ദുൾ റഹീം പറഞ്ഞു.

പലിശക്കാർ നിരന്തരം വിളിച്ചു ഭീഷണിയാണ്,​ തിരികെ കൊടുക്കാൻ ഒരു നിവൃത്തിയുമില്ല. അഫാനെ ആദ്യം മെഡിക്കൽ കോളേജിൽ പോയി കണ്ടത് ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ്. മാനസികമായി ഒറ്റപ്പെട്ട നിലയിലായതിനാൽ താനും ഭാര്യയും കാണണമെന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നീട് ജയിൽ അധികൃതർ ആവശ്യപ്പെട്ട് പലതവണ ജയിലിലും പോയി കണ്ടു. പൂർണമായും തകർന്ന നിലയിലാണ് മകൻ. അനിയൻ അഫ്സാൻ,സുഹൃത്ത് ഫർസാന,വല്ലുമ്മ സൽമ എന്നിവരെ ഓർത്ത് കരയും. കടുത്ത കുറ്റബോധം അഫാനുണ്ട്.

ഞാൻ മാപ്പു കൊടുത്താലും എന്ത് പ്രയോജനമെന്നും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലല്ലോയെന്നും അബ്ദുൾ റഹീം പറയുന്നു. ഫർസാനയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയണമെന്നുണ്ട് എന്നാൽ അവർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ട് വേണ്ടെന്ന് ജനപ്രതിനിധികൾ അടക്കം ഉപദേശിച്ചു. സിനിമക്കെതിരെ കേസ് കൊടുത്തത് കേസിനെ ബാധിക്കുമെന്ന നിലയിലാണെന്നും അതല്ലാതെ മകനെ സംരക്ഷിക്കാൻ വേണ്ടിയല്ലെന്നും അബ്ദുൾ റഹീം പറഞ്ഞു.